അഫ്ഗാനിൽ കൈത്താങ്ങായി ഖത്തർ ഡെവലപ്മെന്റ് ഫണ്ട്
text_fieldsദോഹ: അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാൻപോലും ശേഷിയില്ലാതെ ദുരിതത്തിൽ കഴിയുന്ന അഫ്ഗാൻ ജനതക്ക് സഹായവുമായി ഖത്തർ ഡെവലപ്മെന്റ് ഫണ്ടും (ക്യു.എഫ്.എഫ്.ഡി) യു.എൻ സ്പെഷൽ ട്രസ്റ്റ് ഫണ്ടും കൈകോർക്കുന്നു.
അടിസ്ഥാന, അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കാനും ജീവിതോപാധികൾ സംരക്ഷിക്കുന്നതിനും പ്രാദേശിക സാമ്പത്തികവ്യവസ്ഥക്ക് പിന്തുണ നൽകുന്നതിനുമായി യു.എൻ.ഡി.പിക്കു കീഴിൽ ഏരിയ ബേസ്ഡ് അപ്രോച്ച് ഫോർ ഡെവലപ്മെന്റ് എമർജൻസി ഇനീഷ്യേറ്റ്സിന് പിന്തുണയുമായാണ് ഖത്തർ ഡെവലപ്മെന്റ് ഫണ്ട് രംഗത്തുവന്നത്. പദ്ധതിക്കായി 50 ലക്ഷം ഡോളർ ധനസഹായമായി ഖത്തർ ഡെവലപ്മെന്റ് ഫണ്ട് യു.എൻ സ്പെഷൽ ട്രസ്റ്റ് ഫണ്ടിന് നൽകും.
ഈ വർഷം മാർച്ചിൽ അഫ്ഗാനിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഖത്തർ പ്രഖ്യാപിച്ച 25 ദശലക്ഷം ഡോളർ ധനസഹായത്തിന്റെ ഭാഗമാണിത്.
അഫ്ഗാനിൽ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പിന്തുണയേകുന്ന സംരംഭത്തിൽ പങ്കാളിത്തം വഹിക്കാനായതിൽ അഭിമാനിക്കുന്നുവെന്നും ഖത്തർ ഡെവലപ്മെന്റ് ഫണ്ടിന്റെ കാഴ്ചപ്പാടും ദൗത്യവുമാണിതെന്നും ഡയറക്ടർ ജനറൽ ഖലീഫ അൽ കുവാരി പറഞ്ഞു.
സംഘർഷങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും ഫലമായി കടുത്ത പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന നിരാലംബരായ ജനതക്ക് പിന്തുണ കൊടുക്കുകയാണ് ലക്ഷ്യമെന്നും അഫ്ഗാനിലെ സമാധാന പ്രക്രിയകൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും ഖലീഫ അൽ കുവാരി കൂട്ടിച്ചേർത്തു.യു.എൻ സ്പെഷൽ ട്രസ്റ്റ് ഫണ്ട് വഴി ഏരിയ ബേസ്ഡ് അപ്രോച്ച് ഫോർ ഡെവലപ്മെന്റ് എമർജൻസി ഇനീഷ്യേറ്റ്സിന് പിന്തുണ നൽകുന്ന ഖത്തറിന്റെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് യു.എൻ.ഡി.പി അഡ്മിനിസ്ട്രേറ്റർ അചിം സ്റ്റെയിനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.