ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15ന്
text_fieldsദോഹ: കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15ന് മെഷാഫിലെ പൊഡാര്‍ പേള്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ സര്ഗാത്മകതക്ക് മരുഭൂമിയില്‍ നിറംപകരുന്ന സാഹിത്യോത്സവുകളുടെ 14ാമത് എഡിഷനാണ് ‘ജീവിതം തേടിച്ചെന്ന വേരുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്നത്.
യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചവരും ഖത്തറിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഉള്‍പ്പെടെ 500ഓളം പ്രതിഭകളാണ് ഗ്രാൻഡ് ഫിനാലെയില്‍ മത്സരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്കാരികവേദിയാണ് സംഘാടകർ. രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, സൂഫി ഗീതം, ഖവാലി, മാഗസിന് ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ്മുട്ട് തുടങ്ങി 80 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ ഖത്തറിലെ സാമൂഹിക- സാംസ്കാരിക- വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സാഹിത്യോത്സവ് വേദിയിലേക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
പ്രേക്ഷകര്‍ക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സരപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴരക്ക് നടക്കുന്ന സമാപന സംഗമത്തില്‍ ഖത്തര്‍ ഐ.സി.എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ സാഹിത്യോത്സവ് സ്വാഗതസംഘം അഡ്വൈസറി ബോര്‍ഡ് അംഗം സിറാജ് ചൊവ്വ, ആര്.എസ്.സി നാഷനല്‍ എക്സിക്യൂട്ടിവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീന് പുറത്തീല്‍, എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം ഉബൈദ് പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.