ലോകാരോഗ്യ സംഘടനക്ക് 40 ലക്ഷം ഡോളർ സഹായവുമായി ഖത്തർ
text_fieldsദോഹ: ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുടെ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ. ‘എല്ലാവർക്കും ആരോഗ്യം, ആരോഗ്യം എല്ലാവർക്കും’ എന്ന തലക്കെട്ടിൽ ലോകാരോഗ്യ സംഘടനയുടെ ആദ്യ നിക്ഷേപ റൗണ്ടിൽ പൊതുജനാരോഗ്യ മന്ത്രിയും ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ബോർഡ് അധ്യക്ഷയുമായ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2020-2021ലെ ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാം ബജറ്റിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ ഖത്തർ ഏഴാമതാണ്. 2021ൽ 10 ദശലക്ഷം ഡോളറാണ് ഖത്തർ സംഭാവന നൽകിയതെന്ന് ഡോ. ഹനാൻ അൽ കുവാരി സംസാരത്തിനിടെ ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷ, പോളിയോ, ഉഷ്ണമേഖലാ രോഗങ്ങളുടെ നിർമാർജനം, സാർവത്രിക ആരോഗ്യ പരിരക്ഷക്കായി പ്രവർത്തിക്കുക തുടങ്ങി ആഗോള, പ്രാദേശിക, ദേശീയ ആരോഗ്യ മുൻഗണനകളിൽ ഇരുകക്ഷികളും ദീർഘകാലമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അൽ കുവാരി വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉൾപ്പെടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വവും നിരവധി രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.