ലോകസാമ്പത്തിക മേഖലക്ക് പുത്തനുണർവ് നൽകി ഖത്തർ സാമ്പത്തിക ഫോറം
text_fieldsദോഹ: ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയിലേക്ക് പുതിയ അധ്യായങ്ങൾ രചിച്ചാണ് മൂന്ന് ദിവസം നീണ്ട പ്രഥമ ഖത്തർ സാമ്പത്തിക ഫോറം (ക്യു.ഇ.എഫ്) അവസാനിച്ചത്. പൂർണമായും ഒാൺലൈൻ വഴി നടന്ന സാമ്പത്തിക ഫോറത്തിൽ നിരവധി സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രത്തലവന്മാരും ഭരണാധികാരികളുമാണ് പങ്കെടുത്തത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 2000ലധികം പ്രതിനിധികൾ പങ്കെടുത്തു.
കോവിഡാനന്തര ലോകത്തെ ആഗോള സാമ്പത്തിക മേഖലയുടെ ഭാവിയിലൂന്നിക്കൊണ്ടുള്ള ഫോറത്തിെൻറ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് നിർവഹിച്ചത്. വലിയ ആഗോള പ്രാതിനിധ്യത്തിൽ മേഖലയിൽ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയായാണ് ഖത്തർ സാമ്പത്തിക ഫോറത്തെ വിശേഷിപ്പിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമാഫോസ, റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമേ, അർമേനിയൻ പ്രസിഡൻറ് അർമെൻ സർകിസിയൻ, തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ, കോംഗോ പ്രസിഡൻറ് ഫെലിക്സ് ഷിസെകെദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഐവറി കോസ്റ്റ് പ്രധാനമന്ത്രി പാട്രിക് അഷി, സെനഗൽ പ്രസിഡൻറ് മാകി സാൽ തുടങ്ങിയവർ സംസാരിച്ചു.
'ആധുനിക സാങ്കേതികവിദ്യ', 'സുസ്ഥിര ലോകം', 'വിപണിയും നിക്ഷേപവും', 'അധികാരവും വ്യാപാരവും', 'മാറുന്ന ഉപഭോക്താവ്', 'എല്ലാം ഉൾക്കൊള്ളുന്ന ലോകം' തുടങ്ങി ആറ് പ്രധാന വിഷയങ്ങൾ മൂന്ന് ദിവസം നീണ്ട ഫോറത്തിൽ ചർച്ച ചെയ്യുകയും വിശകലനം നടത്തുകയും ചെയ്തു.
ഖത്തറിെൻറ സാമ്പത്തിക ആസൂത്രണത്തിന് പിന്നിലെ വിവിധ സാമ്പത്തിക നയങ്ങളും ചർച്ചയായി. ഖത്തറിെൻറ സാമ്പത്തിക സന്തുലിതത്വവും സുസ്ഥിരതയും ഖത്തർ മുന്നോട്ടുവെക്കുന്ന വ്യാപാര അന്തരീക്ഷവും ലഭ്യമായ നിക്ഷേപ അവസരങ്ങളും പാനൽ ചർച്ചകളിൽ ഉയർന്നുവന്നു.
2022ലെ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് അടക്കമുള്ള രാജ്യത്തെ വമ്പൻ പദ്ധതികളുടെ പുരോഗതിയും ചർച്ച ചെയ്തു. ആഗോള ബഹുമുഖ വാണിജ്യ സംവിധാനം ശക്തമാക്കുന്നതിനുള്ള ഖത്തറിെൻറ അചഞ്ചലമായ ശ്രമങ്ങളും തുറന്ന സാമ്പത്തികനയങ്ങളും വിവിധ വ്യാപാര സഹകരണവും ഫോറത്തിൽ ഉയർത്തിക്കാട്ടി.
മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തികശക്തിയെന്ന ഖത്തറിെൻറ സ്ഥാനവും അതിന് പിന്നിലെ ഖത്തറിെൻറ ശ്രമങ്ങളും വിശകലനം ചെയ്യപ്പെട്ടു. സാമ്പത്തിക വൈവിധ്യവത്കരണവും വിജ്ഞാന കേന്ദ്രീകൃത സാമ്പത്തികവും രൂപപ്പെടുത്തുന്നതിനുള്ള ഖത്തർ നാഷനൽ വിഷൻ 2030, ഖത്തർ ദേശീയ വികസന പദ്ധതി 2018-2022 എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രവർത്തനങ്ങളും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.