ഖത്തർ-ഈജിപ്ത് സംയുക്ത സമിതിയുടെ യോഗം ചേർന്നു
text_fieldsദോഹ: ഖത്തറും ഈജിപ്തും തമ്മിലുള്ള സംയുക്ത ഉന്നതാധികാര സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തരി ഉന്നതതല സംഘം യോഗത്തിൽ പങ്കെടുത്തപ്പോൾ ഈജിപ്ത് സംഘത്തിന് വിദേശകാര്യ മന്ത്രി സാമിഹ് ഷൗക്രി അധ്യക്ഷത വഹിച്ചു.
ഖത്തറും ഈജിപ്തും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ പ്രത്യേകിച്ച് വ്യാപാര, നിക്ഷേപ, നയതന്ത്ര, സമൂഹിക, വിദ്യാഭ്യാസ, യുവജന മേഖലകളിൽ സഹകരണവും പങ്കാളിത്തവും ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച ചെയ്തു.
സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ബന്ധവും സഹകരണവും മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യങ്ങൾക്ക് ഇരുപക്ഷവും യോഗത്തിൽ ഊന്നൽ നൽകി.
ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വെടിനിർത്തുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ഊർജിതമാക്കുക, ഉപരോധിക്കപ്പെട്ട സാധാരണക്കാരുടെ സംരക്ഷണം, തടസ്സങ്ങൾ നീക്കി ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുക തുടങ്ങിയ വിഷയങ്ങളും ഇരുപക്ഷവും യോഗത്തിൽ വിശകലനം ചെയ്തു.
യോഗത്തിനിടെ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും ഈജിപ്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും തമ്മിലുള്ള നയതന്ത്ര മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.ഇരുരാജ്യങ്ങളിലെയും സാമൂഹിക വികസന, കുടുംബ മന്ത്രാലയങ്ങൾ തമ്മിലെ സാമൂഹികകാര്യ മേഖലയിലെ ധാരണപത്രത്തിന് വേണ്ടിയുള്ള 2024-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമിനും യോഗത്തിൽ രൂപം നൽകി.
ഉഭയകക്ഷി നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുന്ന മേഖലയിൽ ഇൻവെസ്റ്റ് ഖത്തറും ഈജിപ്തിലെ നിക്ഷേപ, സ്വതന്ത്ര സാമ്പത്തിക മേഖലകൾക്കുള്ള ജനറൽ അതോറിറ്റിയും തമ്മിലും ധാരണപത്രം ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.