ഖത്തർ വിളിക്കുന്നു പെരുന്നാൾ ആഘോഷത്തിന്
text_fieldsബലി പെരുന്നാൾ ആഘോഷ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ഖത്തർ സഞ്ചാരികളെ മാടിവിളിക്കുന്നു. പെരുന്നാൾ ആഘോഷത്തിന് പൊലിമയേകാൻ വൈവിധ്യമാർന്ന പരിപാടികളാണ് ഖത്തറിൽ സംഘടിപ്പിക്കുന്നത്. ഖത്തർ ടൂറിസം ജൂൺ 18, 19 തീയതികളിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍ററിലെ അൽ മയാസ തിയറ്ററിൽ ‘ലൈലത്ത് അൽസമാൻ അൽജമീൽ’, ‘സിക്ര റിമെയ്ൻസ്’ എന്നീ രണ്ട് സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 18ന് നടക്കുന്ന ‘സിക്ര റിമെയ്ൻസ്’ അന്തരിച്ച കലാകാരൻ തിക്രക്കുള്ള ആദരമാകും. അസ്മ ലംനവർ, ഉമൈമ താലിബ് തുടങ്ങി പ്രമുഖ കലാകാരന്മാർ ഈ പരിപാടിയിൽ അണിനിരക്കും. 19ന് നടക്കുന്ന ‘ലൈലത്ത് അൽസമാൻ അൽജമീൽ’ ആഘോഷത്തിൽ മെയ് ഫാറൂക്കിന്‍റെയും റിഹാം അബ്ദുൽ ഹക്കീമിന്‍റെയും സംഗീത പരിപാടികളുണ്ടാകും. ദോഹയിലെ പ്രശസ്തമായ കുതിരസവാരി കേന്ദ്രമായ അൽ ഷഖാബ് പെരുന്നാളിനോടനുബന്ധിച്ച് മൂന്നുദിവസത്തെ ഗംഭീരമായ ആഘോഷം സംഘടിപ്പിക്കുന്നു. ജൂൺ 18 മുതൽ 20 വരെ വൈകുന്നേരം നാലുമുതൽ എട്ടുവരെ ലോംഗൈൻസ് ഇൻഡോർ അരീനയിലാണ് പരിപാടി. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ വിവിധ വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവയുമുണ്ടാകും. കുട്ടികൾക്ക് സർഗാത്മക അനുഭവം പകരുന്ന വർക് ഷോപ്പുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനവും നിർമാണ പരിശീലനവും, പരമ്പരാഗത മൈലാഞ്ചി ഡിസൈനുകൾ, ബൗൺസി കാസിൽ, ഭക്ഷ്യമേള എന്നിവയുമുണ്ടാകും. അതോടൊപ്പം കുതിര സവാരി, അമ്പെയ്ത്ത്, അറേബ്യൻ കുതിരകളുടെ പ്രദർശനം തുടങ്ങിയവക്കും അവസരം ലഭിക്കും. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റു സമ്മാനങ്ങളും നൽകും. മുതിർന്നവർക്കായും വിവിധ മത്സര പരിപാടികളുണ്ട്.
എല്ലാ വർഷവും അൽ ഷഖാബിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഖത്തറിന്‍റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന എക്സ്പോയും പരിപാടിയുടെ ഭാഗമാണ്. 980,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ഷഖാബിന്‍റെ ആകർഷണീയമായ സൗകര്യങ്ങൾ ഒരു കുതിരപ്പടയുടെ രൂപത്തിൽ സവിശേഷമായി രൂപകൽപന ചെയ്തതാണ്. 10,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇൻഡോർ, ഔട്ട്ഡോർ വേദി ഉൾക്കൊള്ളുന്ന അത്യാധുനിക മെയിൻ അരീനയിൽ അന്താരാഷ്ട്ര കുതിരപ്പന്തയവും മറ്റു കായിക മേളകളും നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.