എംബസി അപെക്സ് ബോഡി; ആത്മവിശ്വാസത്തോടെ നായകർ
text_fieldsദോഹ: ചെണ്ടയും വാദ്യമേളങ്ങളുമായി തെരഞ്ഞെടുപ്പ് കാലത്ത് കൗണ്ടിങ് സ്റ്റേഷനു മുന്നിൽ എന്ന പോലെ ആയിരുന്നു ശനിയാഴ്ച രാത്രിയിൽ അൽ അറബ് സ്റ്റേഡിയം. ഡിജിറ്റൽ ആപ് വഴി നടന്ന വോട്ടെടുപ്പ് രാത്രി ഒമ്പതിന് പൂർത്തിയായതിനു പിന്നാലെ ഫലം കാത്തുള്ളനിൽപ്.
മണിക്കൂറുകൾക്ക് മുമ്പു തന്നെ എത്തിയ സ്ഥാനാർഥികളും അനുയായികളുമായി വലിയൊരു ആൾക്കൂട്ടം ഐ.സി.ബി.എഫ് വോട്ടും കൂടി കഴിയാനുള്ള കാത്തിരിപ്പിലായിരുന്നു. ആഘോഷത്തിന് കൊഴുപ്പേകാൻ ചെണ്ടയും മുത്തുക്കുടയും ഉൾപ്പെടെ വാദ്യമേളങ്ങൾ കൂടിയായതോടെ നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം കാത്തുനിൽക്കുന്ന കൗണ്ടിങ് സ്റ്റേഷനായി മാറി.
ഒമ്പതിന് വോട്ടെടുപ്പ് കഴിഞ്ഞ്, ഏതാനും മിനിറ്റുകൾക്കൊടുവിലാണ് ഫലം പുറത്തുവന്നു തുടങ്ങിയത്. ഡിജി ആപ്പിൽ ഓരോ അപെക്സ് ബോഡിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരും വോട്ടിങ് നിലയും പുറത്തുവന്നതോടെ ആഘോഷമായി. സ്ഥാനാർഥികളെ എടുത്തുയർത്തിയും മുദ്രാവാക്യം വിളിച്ചും മണിക്കൂറുകൾ നീണ്ട വിജയാഹ്ലാദ പ്രകടനങ്ങൾ.
ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥാനാർഥികളും അൽ അറബി സ്റ്റേഡിയത്തിലെ വോളിബാൾ കോർട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരും.
വെള്ളി, ശനി ദിവസങ്ങളിൽ നടന്ന വോട്ടെടുപ്പിൽ മികച്ച പ്രതികരണമായിരുന്നു വോട്ടർമാരിൽ നിന്നുണ്ടായത്. ഐ.സി.സിയിലേക്ക് 95 ശതമാനവും, ഐ.എസ്.സിയിലേക്ക് 96 ശതമാനവും, ഐ.സി.ബി.എഫിലേക്ക് 96 ശതമാനവും വോട്ട് രേഖപ്പെടുത്തി.
രണ്ടുവർഷത്തെ കാലാവധിയിലാണ് പുതിയ കമ്മിറ്റി അധികാരമേൽക്കുക. മാർച്ച് അവസാനത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്ഥാനമൊഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനാൽ അതിന് മുമ്പായി പുതിയ ഭരണസമിതി സ്ഥാനമേൽക്കും. വിവിധ കമ്മിറ്റികളിലേക്ക് അംബാസഡർ നാമനിർദേശം ചെയ്യുന്നവർ കൂടി ഉൾപ്പെടുന്നതാവും കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.