സിറിയയിൽ ഖത്തർ എംബസി ഉടൻ തുറക്കും
text_fieldsദോഹ: പ്രസിഡന്റ് ബശ്ശാറുൽ അസദ് അധികാരത്തിൽനിന്ന് പുറത്തായി രാജ്യം വിട്ടതിന് പിന്നാലെ സിറിയയിൽ നയതന്ത്ര കാര്യാലയം തുറക്കാനൊരുങ്ങി ഖത്തർ. ഡമസ്കസിലെ ഖത്തർ എംബസി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായതിന് പിന്നാലെ 2011ലാണ് ഡമസ്കസിലെ ഖത്തർ എംബസി പ്രവർത്തനം നിർത്തിവെച്ചത്. അതിനു ശേഷം, ആദ്യമായാണ് രാജ്യത്തിന്റെ നയതന്ത്രകാര്യാലയം വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ തീരുമാനിക്കുന്നത്. അടിയന്തര ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതോടെ എംബസി ഉടൻ തുറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതെന്ന് വാർത്താക്കുറിപ്പിൽ ഡോ. മാജിദ് അൻസാരി പറഞ്ഞു. പുതിയ എംബസി ആരംഭിക്കുന്നതോടെ ഖത്തർ കഴിഞ്ഞ ദിവസം ആരംഭിച്ച എയർബ്രിഡ്ജ് വഴിയുള്ള മാനുഷികസഹായങ്ങളുടെ നീക്കം കൂടുതൽ എളുപ്പമാവുമെന്നും വ്യക്തമാക്കി.
മരുന്ന്, ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യങ്ങൾ എന്നിവയുമായി ചൊവ്വാഴ്ച തന്നെ ജോർഡൻ, തുർക്കിയ വഴി ഖത്തറിന്റെ മാനുഷിക സഹായങ്ങളുമായി എയർ ബ്രിഡ്ജ് പ്രവർത്തനം ആരംഭിച്ചിരുന്നു.
2013ൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി പ്രവർത്തനമാരംഭിക്കാൻ അനുവാദം നൽകിയ രാജ്യമായിരുന്നു ഖത്തർ. പ്രതിപക്ഷ വിഭാഗത്തിന് അറബ് ലീഗിൽ ഇടം നൽകിയതിന് പിന്നാലെയായിരുന്നു എംബസി തുറക്കാൻ ഖത്തർ അനുവാദം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.