ഖത്തർ ആഘോഷമാക്കിയ രാത്രി
text_fieldsദോഹ: ഒരു രാജ്യം കിരീടനേട്ടത്തോളം ആവേശത്തോടെ വിജയം ആഘോഷമാക്കിയ രാത്രി. 2019 ഏഷ്യൻ കപ്പ് ഫൈനൽ അങ്കത്തിൽ ജപ്പാനെ തോൽപിച്ച് ഖത്തർ കിരീടമണിഞ്ഞ ശേഷമുണ്ടായ ആഘോഷത്തിനു സമാനമായിരുന്നു കഴിഞ്ഞ രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഉസ്ബകിസ്താനെതിരെ ഷൂട്ടൗട്ടിൽ അന്നാബികൾ നേടിയ വിജയം. കളി ഷൂട്ടൗട്ടിന്റെ ത്രില്ലിലേക്ക് നീങ്ങുമ്പോൾ ഗാലറിയിലുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുതൽ മലയാളി പ്രവാസികൾ വരെ എല്ലാവർക്കും ഒരേ ആകാംക്ഷ മാത്രം. ഒടുവിൽ ഷൂട്ടൗട്ടിൽ ഉസ്ബകിസ്താന്റെ മൂന്ന് കിക്കും തടഞ്ഞ് മിഷാൽ ബർഷിമിന്റെ സുരക്ഷിത കരങ്ങൾ ഖത്തറിനെ സെമിയിലെത്തിച്ചപ്പോൾ അത് നാടിന്റെ കാത്തിരുന്ന ആഘോഷ നിമിഷമായി മാറി.
ഇനി, സെമിയിൽ കരുത്തരായ ഇറാനാണ് എതിരാളി. ഏഷ്യൻ ഫുട്ബാളിലെ വമ്പന്മാരായ ജപ്പാനെ 2-1ന് വീഴ്ത്തി കരുത്തറിയിച്ച ഇറാൻ ശക്തരായ എതിരാളിയാണ്. സെമിയും ഫൈനലും ഉൾപ്പെടെ രണ്ട് നിർണായക അങ്കങ്ങളിൽ കൂടി ജയിച്ചാൽ അന്നാബികളെ കാത്തിരിക്കുന്നത് സ്വപ്നസുന്ദര കിരീടം.
അരലക്ഷത്തിലേറെ ആരാധകർ തിങ്ങിനിറഞ്ഞ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ നേടിയ വിജയം, ശനിയാഴ്ച രാത്രി വൈകുവോളം ദോഹയിലും മറ്റുമെല്ലാം ആഘോഷങ്ങൾക്കാണ് തിരികൊളുത്തിയത്. ഇനി, അൽ തുമാമ വേദിയാകുന്ന സ്വപ്ന സെമിക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത ലക്ഷ്യം സെമി കടക്കുകയാണെന്ന് ശനിയാഴ്ചയിലെ മത്സരശേഷം കോച്ച് മാർക്വേസ് ലോപസ് വ്യക്തമാക്കുന്നു. ‘ഞങ്ങളുടെ ലക്ഷ്യം എപ്പോഴും വിജയം മാത്രമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘ഒരു കളിക്കുശേഷം, അടുത്ത കളി. ഒരോന്നിനുമിടയിലെ ചെറുഇടവേളകളിൽ ലക്ഷ്യം നേടിയെടുക്കാനായി ഞങ്ങൾ എല്ലാം സമർപ്പിക്കുന്നു. മുന്നിൽ രണ്ട് മത്സരങ്ങളുണ്ട്. ഈ രണ്ട് കളിയിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. എന്നാൽ, ഒരു സമയം ഒരു കളിയിലാണ് ഞങ്ങളുടെ ശ്രദ്ധ’ -പോസ്റ്റ് മാച്ച് പ്രസ് കോൺഫറൻസിൽ കോച്ച് പറഞ്ഞു.
ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഖത്തറിന്റെ ആദ്യപെനാൽറ്റി ഷൂട്ടൗട്ട് പരീക്ഷണമായിരുന്നു ഉസ്ബകിസ്താനെതിരെ കണ്ടത്. ആദ്യകടമ്പ തന്നെ വിജയകരമായി പിന്നിട്ടതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. തുടർച്ചയായി രണ്ടാം തവണ ഖത്തർ സെമിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2019ലായിരുന്നു ടീം ആദ്യമായി സെമിയിലെത്തിയത്. അന്ന് കിരീടവുമായി യു.എ.ഇയിൽനിന്നും നാട്ടിലെത്തി ചരിത്രം കുറിച്ചവർ റെക്കോഡ് ആവർത്തിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ഈ നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.