ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്ക്രിയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിൽ ആരംഭിച്ച ജി.സി.സി രാജ്യങ്ങളുടെ 44ാമത് ഉച്ചകോടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അമീർ.
രണ്ടു മാസത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ച അമീർ, വിഷയത്തിൽ ലോകരാജ്യങ്ങളുടെ നിസ്സംഗമായ നിലപാട് ലജ്ജാകരമാണെന്ന് തുറന്നടിച്ചു. ‘സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളെ നിഷ്ഠൂരമായ ആക്രമണങ്ങളിലൂടെ കൊന്നൊടുക്കുന്ന ഹീനമായ കുറ്റകൃത്യം രണ്ട് മാസത്തോളമായി തുടരാൻ അനുവദിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണ്. ഇസ്രായേൽ അധിനിവേശ സേന എല്ലാ രാഷ്ട്രീയ, ധാർമിക, മാനുഷിക മൂല്യങ്ങളും ലംഘിച്ചുകൊണ്ട് ആക്രമണം നടത്തുന്നത്. തീർത്തും വംശീയമായ ഉന്മൂലനമാണ് ഇസ്രായേൽ തുടരുന്നത്’ -അമീർ പറഞ്ഞു.
ഐക്യരാഷ്ട്ര സഭ അതിന്റെ ഉത്തരവാദിത്വം നിറവേറ്റണമെന്നും യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾക്കും ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും അമീർ ഉദ്ഘാടന പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ആതിഥേയരായ ഖത്തറും, കുവൈത്ത്, സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
രാവിലെ ദോഹയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അൽ സബാഹ് എന്നിവരെ അമീർ സ്വീകരിച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നിർണായകമായ തീരുമാനങ്ങളും മറ്റു ജി.സി.സി വിഷയങ്ങളിൽ ചർച്ചയും പ്രഖ്യാപനവും യോഗത്തിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.