നമീബിയയിൽ വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തി ഖത്തർ എനർജി
text_fieldsദോഹ: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ പുറങ്കടലിലെ പര്യവേക്ഷണത്തിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്തി ഖത്തർ എനർജി സംഘം. ജോങ്കർ വൺ എക്സ് പര്യവേക്ഷണ കിണറിലാണ് എണ്ണനിക്ഷേപം തിരിച്ചറിഞ്ഞത്.
2210 മീറ്റർ ആഴത്തിലുള്ള ഉൾക്കടലിൽ 6168 മീറ്റർ ആഴത്തിലാണ് ജോങ്കർ -1എക്സ് കിണർ കുഴിച്ചത്. ഖത്തർ എനർജിക്ക് 45 ശതമാനവും ഷെൽ കമ്പനിക്ക് 45 ശതമാനവും നമീബിയയിലെ നാഷനൽ പെട്രോളിയം കോർപറേഷൻ (നാംകോർ) 10 ശതമാനവും ഉൾപ്പെടുന്ന കൺസോർട്ട്യമാണ് നമീബിയൻ പുറംകടലിൽ പര്യവേക്ഷണം നടത്തുന്നത്.
നമീബിയയിലെ തങ്ങളുടെ മൂന്നാമത്തെ എണ്ണ കണ്ടെത്തൽ സന്തോഷകരമായ വാർത്തയാണെന്ന് ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശരീദ അൽ കഅ്ബി പറഞ്ഞു.
പങ്കാളികളായ ഷെല്ലിനെയും നാംകോറിനെയും ഈ പര്യവേക്ഷണ ശ്രമങ്ങളെ വളരെയധികം പിന്തുണച്ച നമീബിയൻ സർക്കാറിനെയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമീബിയയുടെ ഓറഞ്ച് ബേസിനിൽ സ്ഥിതിചെയ്യുന്ന ഗ്രാഫ്-വൺ കിണറിലും വീനസ്-വൺ എക്സ് പ്രോസ്പെക്റ്റിലും 2022 ഫെബ്രുവരിയിൽ എണ്ണ കണ്ടെത്തിയതായി ഖത്തർ എനർജി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ലൈസൻസുകളിലായി ഖത്തർ എനർജിക്ക് നമീബിയൻ പുറംകടലിൽ 28327 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പര്യവേക്ഷണ കേന്ദ്രമാണുള്ളത്. നമീബിയയിൽനിന്ന് 270 കിലോമീറ്റർ അകലെയാണ് ജോങ്കർ-1എക്സ് എന്നറിയപ്പെടുന്ന കിണർ സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.