മൗറിത്താനിയയിലും പര്യവേക്ഷണത്തിന് ഖത്തർ എനർജി
text_fieldsദോഹ: ദിവസങ്ങൾക്കുള്ളിൽ ഏഷ്യക്ക് പുറത്ത് എണ്ണ-പ്രകൃതി വാതക പര്യവേക്ഷണത്തിൽ പുതിയ കരാറിൽ കൂടി ഒപ്പുവെച്ച് ഖത്തർ എനർജി. ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയുടെ പുറംകടലിലാണ് ഷെല്ലുമായി ചേർന്ന് പുതിയ പര്യവേക്ഷണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്. മൗറിത്താനിയ തീരത്തുനിന്നും 50 കിലോമീറ്റർ അകലെ 11,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള എണ്ണ നിക്ഷേപ മേഖലയിലാണ് പുതിയ ഗവേഷണങ്ങൾ നടക്കുന്നത്.
സമുദ്രോപരിതലത്തിൽനിന്നും 50 മുതൽ 2000 മീറ്റർ വരെ ആഴത്തിലായിരിക്കും ഇവിടെ പര്യവേക്ഷണം നടക്കുന്നത്. സി 10 േബ്ലാക്ക് എന്ന പേരിൽ അറിയപ്പെടുന്ന പര്യവേക്ഷണത്തിൽ ഖത്തർ എനർജിക്ക് 40 ശതമാനമാണ് ഓഹരി പങ്കാളിത്തം. 50 ശതമാനം അന്താരാഷ്ട്ര എണ്ണ പര്യവേക്ഷണ കമ്പനിയായ ഷെല്ലിനും 10 ശതമാനം മൗറിത്താനിയൻ ദേശീയ ഓയിൽ കമ്പനിയായ എസ്.എം.എച്ചിനുമാണ്.
മൗറിത്താനിയൻ പുറംകടലിലെ എണ്ണ പ്രകൃതി വാതക നിക്ഷേപത്തിൽ കൂടുതൽ ഗവേഷണം നടത്തുന്നതിൽ പങ്കാളിയാവുന്നത് സന്തോഷകരവും പുതിയ ചുവടുവെപ്പുമാണെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് അൽ കഅബി കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ആഫ്രിക്കൻ മേഖലയിൽ ഖത്തർ എനർജിയുടെ മറ്റൊരു കാൽവെപ്പാണെന്നും, പര്യവേക്ഷണം വിജയകരമായി പൂർത്തിയാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മൗറിത്താനിയൻ സർക്കാറിന്റെ പിന്തുണക്കും, ഷെൽ, എസ്.എം.എച്ച് എന്നിവരുമായുള്ള പങ്കാളിത്തത്തിനും നന്ദി അറിയിച്ചു. കഴിഞ്ഞയാഴ്ചയായി കാനഡയുടെ തീരമേഖലയിൽ രണ്ട് പ്രകൃതിവാതക-എണ്ണ പര്യവേക്ഷണം സംബന്ധിച്ച് എക്സോൺ മൊബിലുമായി ഖത്തർ എനർജി പങ്കാളിത്ത കരാർ ഒപ്പുവെച്ചത്. ലബ്രഡോർ, ന്യൂഫൗണ്ട്ലാൻ മേഖലകളിലാണ് പുതിയ രണ്ട് േബ്ലാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.