പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി
text_fieldsദോഹ: ഊർജ വ്യവസായത്തിലെ നിരവധി മേഖലകളിൽ ഖത്തറിന്റെ സാന്നിധ്യമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു. പ്രതിവർഷം 77 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് പ്രകൃതിവാതക വിതരണത്തിലെ മുൻനിരക്കാരായ ഖത്തർ ഉൽപാദിപ്പിക്കുന്നതെന്നും ദോഹ ഫോറത്തിന്റെ ഭാഗമായി സി.എൻ.ബി.സിയിലെ ഡാൻ മർഫിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതിവർഷം 142 ദശലക്ഷം ടൺ ഉൽപാദനത്തിലേക്കുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ പങ്കാളികൾക്കൊപ്പം ചേർന്ന് 60 മുതൽ 80 ദശലക്ഷം ടൺ വരെ വർധിപ്പിക്കുമെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും പ്രധാന മേഖല പെട്രോകെമിക്കൽ ഉൽപന്നങ്ങളാണ്. മിന മേഖലയിലെ ഏറ്റവും വലിയ പോളിത്തീൻ പ്ലാന്റ് ഖത്തറിൽ നിർമിക്കുന്നതായും ഇതിലൂടെ ഉൽപാദനം നിലവിലുള്ളതിനേക്കാൾ 130 ശതമാനം വർധിപ്പിക്കുമെന്നും അൽ കഅ്ബി വ്യക്തമാക്കി. ആഗോളാടിസ്ഥാനത്തിൽ രാസവളങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപാദക രാഷ്ട്രമാണ് ഖത്തർ.
ഉൽപാദനം ആറ് ദശലക്ഷം ടണ്ണിൽനിന്ന് 12 ദശലക്ഷം ടണ്ണായി വർധിപ്പിക്കാൻ പദ്ധതിയിടുന്നതായും അതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ രാസവളം ഉൽപാദിപ്പിക്കുന്ന രാജ്യമായി ഖത്തർ മാറുമെന്നും അൽ കഅ്ബി വ്യക്തമാക്കി. ലോകത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഇത് നിർണായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്നത്തെ വൈദ്യുതിയുടെ 10 ശതമാനം സൗരോർജത്തിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്. റാസ് ലഫാനിലും ലുസൈലിലും അടുത്ത വർഷം പുതിയ സൗരോർജ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യും. ഇതോടെ 15-16 ശതമാനമായി ഉയരും -ഊർജകാര്യ സഹമന്ത്രി വിശദീകരിച്ചു. നാല് പ്ലാന്റുകൾ വരുന്നതോടെ ആകെ വൈദ്യുതിയുടെ 30 ശതമാനവും സൗരോർജത്തിൽ നിന്നാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉൽപാദന ക്ഷമതയും കരുതൽ ശേഖരവും വർധിപ്പിക്കുന്നതിന് ആഗോള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഖത്തറിന്റെ ഊർജമേഖലക്ക് അന്താരാഷ്ട്ര സാന്നിധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.