മെഗാ പദ്ധതികളുമായി ഖത്തർ എനർജി
text_fieldsദോഹ: സൗരോർജ ഉൽപാദനത്തിലും യൂറിയ കയറ്റുമതിയിലും ലോകത്തെ മുൻനിര രാജ്യമാവാനൊരുങ്ങി ഖത്തർ. രാജ്യത്തെ എണ്ണ, പ്രകൃതി വാതക ഉൽപാദകരായ ഖത്തർ എനർജിയാണ് നിർണായക ചുവടുവെപ്പിലൂടെ ഈ മേഖലയിൽ മേധാവിത്വം സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ലോകത്തെ ഏറ്റവും വലിയ സൗരോർജ ഉൽപാദന പ്ലാന്റ് ദുഖാനിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഖത്തറിന്റെ സുസ്ഥിര ഊർജോൽപാദനം ഇരട്ടിയാകുമെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ എൻജി. സഅദ് ഷെരിദ അൽ കഅബി അറിയിച്ചു. കാര്‍ബണ്‍ മലിനീകരണമില്ലാത്ത സുസ്ഥിര ഊര്‍ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഖത്തര്‍ എനര്‍ജി പുതിയ സോളാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
2000 മെഗാവാട്ടാണ് ദുഖാനിലെ പദ്ധതിയുടെ ശേഷിയെന്ന് മന്ത്രി അറിയിച്ചു.ദുഖാൻ പ്ലാന്റിന്റെ പ്രവർത്തനമാരംഭിക്കുന്നതോടെ ഖത്തറിന്റെ വൈദ്യുതോല്പാദനം 2030 ഓടെ 4000 മെഗാവാട്ടായി ഉയരും.
ഖത്തര്‍ എനര്‍ജിക്ക് കീഴിലുള്ള നാലാമത്തെ വമ്പന്‍ സോളാര്‍ പദ്ധതിയാണിത്. 2022ല്‍ 800 മെഗാവാട്ട്സ് ശേഷിയുള്ള അല്‍ ഖര്‍സാ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. റാസ് ലഫാനിലും മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുമുള്ള രണ്ട് വന്‍ പദ്ധതികളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ രണ്ട് പദ്ധതികളില്‍നിന്നും വൈദ്യുതോല്പാദനം തുടങ്ങുമെന്ന് സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു.
ദുഖാന് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തറിലെ ആകെ വൈദ്യുതോല്പാദനത്തിന്റെ 30 ശതമാനവും സോളാര്‍ പദ്ധതികളില്‍നിന്നായി മാറും.
മിസഈദ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് രാസവളമായ യൂറിയയുടെ നിർമാണ കേന്ദ്രം ആരംഭിക്കുന്നതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇത് പ്രവർത്തനമാരംഭിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ യൂറിയ കയറ്റുമതി രാജ്യമായും ഖത്തർ മാറും. നിലവില്‍ 60 ലക്ഷം ടണ്ണാണ് ഖത്തറിന്റെ പ്രതിവര്‍ഷ യൂറിയ ഉൽപാദനം.
2030 ഓടെ ഇത് 12.4 ദശലക്ഷം ടൺ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു. പുതിയ കോംപ്ലക്സില്‍ മൂന്ന് അമോണിയ പ്രൊഡക്ഷന്‍ ലൈനുകളും നാല് യൂറിയ പ്രൊഡക്ഷന്‍ ട്രെയിനുകളുമാണ് ഉണ്ടാവുക. ആഗോള തലത്തിലെ ഭക്ഷ്യോൽപാദനത്തിന് പിന്തുണ നൽകാനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് ഖത്തർ യൂറിയ ഉൽപാദന മേഖലകളിലേക്ക് കൂടി സജീവമാകുന്നതെന്ന ചോദ്യത്തിനുത്തരമായി മന്ത്രി വ്യക്തമാക്കി.
വരും വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍ യൂറിയയുടെ ആവശ്യകത വര്‍ധിക്കുമെന്നും വിശദീകരിച്ചു. 2022 ല്‍ ലോകത്തെ ഏറ്റവും വലിയ ബ്ലു അമോണിയ പ്രോജക്ടിന് ഖത്തർ, 2026 ഓടെ ഇവിടെനിന്നും ഉല്പാദനവും ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.