ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന; എൽ.എൻ.ജി കപ്പലുകൾ നീറ്റിലിറക്കി ഖത്തർ എനർജി
text_fieldsദോഹ: ഖത്തർ എനർജിയുടെ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കുള്ള രണ്ട് കപ്പലുകളുടെ ഉദ്ഘാടനം ചൈനയിലെ ഷാങ്ഹായിൽ നിർവഹിച്ചു. റെക്സ് ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന എന്നീ പേരുകളിലാണ് എൽ.എൻ.ജി വാഹക കപ്പലുകൾ പുറത്തിറങ്ങുന്നത്.
ചൈനീസ് കപ്പൽ നിർമാണ കമ്പനിയായ ഹുഡോങ് ഴോങ്ഹുവയുമായുള്ള 12 കപ്പലുകളുടെ നിർമാണ കരാറിൽനിന്നുള്ള ആദ്യ രണ്ട് കപ്പലുകളാണ് പുറത്തിറങ്ങുന്നത്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും എക്സോൺ മൊബിൽ മുൻ ചെയർമാനുമായ റെക്സ് വെയ്ൻ ടില്ലേഴ്സണിന്റെ പേരിലാണ് ചൈനയിൽനിന്നുള്ള ആദ്യ എൽ.എൻ.ജി കപ്പൽ അറിയപ്പെടുന്നത്. ഊർജ മേഖലയിൽ അന്താരാഷ്ട്ര തലത്തിലെ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് തങ്ങളുടെ പുതിയ എൽ.എൻ.ജി കപ്പലിന് ഖത്തർ എനർജി ടില്ലേഴ്സണിന്റെ പേര് നൽകുന്നത്.
ഖത്തറിലെ പ്രധാന സ്ഥലമായ ഉമ്മു ഗുവൈലിനയുടെ പേരിലാണ് രണ്ടാമത്തെ കപ്പൽ അറിയപ്പെടുക. ഷാങ്ഹായിലെ ഷിപ്യാഡിൽ നടന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും, ചൈന ഷിപ് ബിൽഡിങ് കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജിയ ഹൈയിങ് എന്നിവർ പങ്കെടുത്തു.
ഖത്തറിലും അന്താരാഷ്ട്ര തലത്തിലുള്ള ടില്ലേഴ്സിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് സഅദ് അൽ ഷെരിദ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സേവനങ്ങൾക്കുമൊപ്പം, അന്താരാഷ്ട്ര എണ്ണക്കമ്പനികളുമായുള്ള ഖത്തറി ബന്ധങ്ങളിൽ ഏറ്റവും ഗാഢമായതു കൂടിയാണ് ഇതെന്നും ഊർജ സഹമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ ഓൺലൈൻ വഴി ടില്ലേഴ്സും പങ്കെടുത്തു. തന്റെ 42 വർഷം നീണ്ട എക്സോൺ മൊബിലിലെ കരിയറിൽ ഖത്തറിനൊപ്പം ചേർന്ന് എൽ.എൻ.ജി മേഖലയിലെ പ്രവർത്തനമായിരുന്നുവെന്നും, ഖത്തർ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വലുപ്പത്തിലുള്ളതാണ് പുതിയ രണ്ട് കപ്പലുകൾ ഉൾപ്പെടെ 12 എണ്ണവും. അത്യാധുനിക കടൽയാത്ര സംവിധാനങ്ങളും സുരക്ഷ സൗകര്യങ്ങളോടെയുമാണ് നിർമാണം. കഴിഞ്ഞ ദിവസമാണ് പുതിയ ആറ് കപ്പലുകളുടെ നിർമാണത്തിന് ഖത്തർ എനർജി ചൈനീസ് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചത്. ഇവ ഉൾപ്പെടെ 24 കപ്പലുകളാണ് ഖത്തര്‍ ചൈനയില്‍നിന്നും വാങ്ങുന്നത്. 2028 നും 2031 നും ഇടയിലാണ് ഖത്തര്‍ എനര്‍ജിക്ക് കൈമാറുക. ഇതോടെ, എൽ.എൻ.ജി ചരക്കു നീക്കത്തിനുള്ള കപ്പലുകളുടെ എണ്ണം128 ആയി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.