ഗോൾഡ് കപ്പിൽ ഖത്തർ ഇറങ്ങുന്നു
text_fieldsദോഹ: സ്പാനിഷുകാരനായ പരിശീലകൻ ഫെലിക്സ് സാഞ്ചസും ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസും നയിക്കുന്ന ഖത്തർ ഫുട്ബാൾ ടീമിെൻറ മനസ്സുനിറയെ 2022 ലോകകപ്പാണ്. അതിനായി ലോകമാകെ സഞ്ചരിച്ച് കരുത്ത് നേടുകയാണവർ. ലോകത്തെ ഏറ്റവും മികച്ച ടീമുകളുമായി കൊമ്പുകോർത്തും എല്ലായിടത്തും മത്സരിച്ചും വമ്പൻ ടൂർണമെൻറുകളിൽ മത്സരിച്ചും ഖത്തർ ഒരുങ്ങുന്നു.
അങ്ങനെയൊരു അധ്യായത്തിൽ നിർണായക ദിനമാണ് ഖത്തറിന് ഇന്ന്. ലോകകപ്പിന് മുന്നോടിയായി ടീം മാറ്റുരക്കുന്ന സുപ്രധാന ചാമ്പ്യൻഷിപ്പിൽ ഹൈദോസും അൽമോയസ് അലിയും ഉൾപ്പെടുന്ന താരപ്പട ബൂട്ടുകെട്ടും. വടക്കൻ, സെൻട്രൽ അമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പായി കോൺകകാഫ് പോരാട്ടത്തിൽ ഖത്തർ ഇന്ന് അമേരിക്കൻ മണ്ണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ പാനമക്കെതിരെ കളിക്കും. ഖത്തർ സമയം അർധരാത്രിയും കഴിഞ്ഞ് രണ്ടു മണിക്കാണ് മത്സരം. ഗ്രൂപ് 'ഡി'യിൽ ഹോണ്ടുറാസ്, ഗ്രനഡ എന്നിവരാണ് മറ്റു ടീമുകൾ. ലോകകപ്പിെൻറ ആതിഥേയർ എന്ന നിലയിൽ പ്രത്യേക ക്ഷണിതാക്കളായാണ് ഖത്തർ ഗോൾഡ് കപ്പിൽ മത്സരിക്കുന്നത്. അതിഥികളാണെങ്കിലും ഗ്രൂപ്പിൽ ഫിഫ റാങ്കിങ്ങിൽ മുന്നിൽ ഖത്തറാണ് (55ാം റാങ്ക്). വെറും ലോകകപ്പ് ആതിഥേയർ മാത്രമല്ല, ഏഷ്യൻ ചാമ്പ്യന്മാരാണെന്ന മികവുകൂടി ഖത്തറിനുണ്ട്.
ഹോണ്ടുറാസ് (62), പാനമ (81), ഗ്രനഡ (159) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ റാങ്കിങ് നിലവാരം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നോക്കൗട്ടിൽ കടക്കാം എന്നതിനാൽ സെമിയും ഫൈനലുമെല്ലാം നിലവിലെ മികവിൽ ഖത്തറിന് അകലെയല്ല. അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ക്രൊയേഷ്യയിൽ പരിശീലനവും സന്നാഹ മത്സരങ്ങളും പൂർത്തിയാക്കി. ക്രൊയേഷ്യ ബി, എൽസാൽവദോർ ടീമുകൾക്കെതിരെ വിജയവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.