ഖത്തർ: ഏഴ് ബീച്ചുകളിൽ വനിതകൾക്കും കുടുംബങ്ങൾക്കും മാത്രം പ്രവേശനം
text_fieldsദോഹ: രാജ്യത്തെ ഏറ്റവും ആകർഷകമായ 15 ബീച്ചുകളുടെ പട്ടിക പുറത്തുവിട്ട് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഇതിൽ ഏഴ് ബീച്ചുകളിലേക്ക് കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ സിമൈസിമ ബീച്ചിലേക്ക് വനിതകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സീലൈൻ ബീച്ചിലേക്ക് കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബങ്ങൾക്ക് മാത്രമായി പ്രത്യേക ഭാഗം വേർതിരിച്ചിട്ടുണ്ട്.
അൽ ഗരിയ്യ, അബു സലൂഫ്, അൽ ദഖീറ, ഫർഖിയ, സിമൈസിമ, അൽ വക്റ, സീലൈൻ എന്നീ ഏഴ് ബീച്ചുകളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. അതേസമയം, അൽ റുവൈസ്, ഫുവൈരിത്, ദുഖാൻ, അൽ ഖർറാജ്, അൽ ഉദൈദ് ബീച്ചുകളിലേക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ബലി പെരുന്നാൾ അവധിക്കാലത്ത് ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മാർഗനിർദേശങ്ങളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കടലിലിറങ്ങുന്നവർ കുളിക്കുന്നതിനിടെയുള്ള ഉയർന്ന തിരമാലകളെയും വേലിയേറ്റങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. കടൽച്ചുഴിക്ക് സാധ്യതയുള്ളതിനാൽ അപകടം പതിയിരിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാട്ടർ സ്കൂട്ടർ റൈഡർമാർ തീരത്ത് നിന്നും 400 മീറ്റർ അകലം പാലിക്കണം. ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനാണിത്.
ബലി പെരുന്നാൾ അവധിയിൽ കുതിര സവാരി മന്ത്രാലയം വിലക്കിയിട്ടുണ്ട്. വാട്ടർ സ്കൂട്ടറുകളും മോട്ടോർ ബോട്ടുകളും പ്രത്യേകം നിർണയിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് മാത്രം ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.