അഭയമായി ഖത്തർ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ച 7000 പേർ ഖത്തറിൽ
text_fieldsദോഹ: ആദ്യം അഫ്ഗാനിലെ സമാധാനചർച്ചകൾക്കും മധ്യസ്ഥശ്രമങ്ങൾക്കും നേതൃത്വം നൽകി ശ്രദ്ധകേന്ദ്രമായ ഖത്തർ അഭയാർഥികളായി പലായനം ചെയ്യുന്ന അഫ്ഗാനികൾക്ക് ഇടത്താവളമായി മാതൃകയാവുന്നു. കാബൂളിൽ നിന്നും അമേരിക്കൻ സേന, നാറ്റോ, ഖത്തറിെൻറ അമിരി എയർഫോഴ്സ് എന്നിവർ ചേർന്ന് ഇതിനകം ഒഴിപ്പിച്ച് ഖത്തറിലെത്തിച്ചത് ഏഴായിരത്തോളം പേരെയാണ്. അഭയം തേടി പലായനം ചെയ്യുന്ന അഫ്ഗാനികളും കാബൂളിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളുടെ പൗരന്മാരും ഉൾപ്പെടെയാണ് ഇത്. ഇവരിൽ ഏറെ പേരും അമേരിക്കൻ-നാറ്റോ സേനകളുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചവരാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഖത്തറിലെ അമേരിക്കൻ വ്യോമതാവളമായ അൽ ഉദൈദിലാണ് ഏറെ പേരെയും എത്തിച്ചത്. 'വിവിധ എൻ.ജി.ഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാജ്യാന്തര മാധ്യമ സ്ഥാപനങ്ങൾ എന്നിവരുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലും, വിവിധ വിദേശ സ്ഥാപനങ്ങൾക്കും സേനകൾക്കും വേണ്ടി ജോലിചെയ്ത അഫ്ഗാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെും ഉൾപ്പെടെയുള്ളവരാണ് ഒഴിപ്പിച്ചത്. വിദ്യാർഥിനികൾ, അമേരിക്ക, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പൗരന്മാർ എന്നിവരുമുണ്ട്' -എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മറ്റു രാജ്യങ്ങളിലേക്ക് പോകാനുള്ളവരാണ് ഇവർ, ട്രാൻസിറ്റ് പോയൻറ് എന്ന നിലയിലാണ് ഖത്തറിലെത്തിയത്.
ഖത്തറിന്റെ നേതൃത്വത്തിൽ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് വിദേശകാര്യ സഹമന്ത്രിയും വക്താവുമായ ലുലുവ ബിൻത് റാഷിദ് അൽകാതിർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മൂന്നൂറിലധികം പേരെ അമിരി എയർഫോഴ്സ് നേതൃത്വത്തിൽ ദോഹയിലെത്തിച്ചതായും 200ൽ അധികം മാധ്യമപ്രവർത്തകരും സംഘത്തിലുണ്ടെന്നും വിഡിയോ ദൃശ്യങ്ങൾ സഹിതം വെള്ളിയാഴ്ച രാത്രി ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഇവർക്ക് ഖത്തർ സുരക്ഷിത താമസം ഒരുക്കിയതായും ഇവർ വിശദീകരിച്ചു. കാബൂളിലെ സി.എൻ.എൻ റിപ്പോർട്ടർ ക്ലാരിസ വാർഡിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി വിഡിയോ സഹിതം ട്വീറ്റ് ചെയ്തത്. അതേസമയം, തങ്ങളുടെ പൗരന്മാർക്ക് നാട്ടിലെത്താൻ വഴിയൊരുക്കിയതിനും, അഫ്ഗാനിലെ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കും മധ്യേഷ്യ-ആഫ്രിക്കൻ മേഖലയുടെ ചുമതലയുള്ള ബ്രിട്ടീഷ് മന്ത്രി ജെയിംസ് െക്ലവർലി ലൂലുവ അൽകാതിറിനോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.