29 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച് ഖത്തർ
text_fieldsദോഹ: ഖത്തറിന്റെ എണ്ണയിതര സാമ്പത്തിക മേഖല ശക്തമാക്കുന്നതിൽ വിനോദസഞ്ചാര മേഖല സഹായിക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ്. 2023ൽ 29 ലക്ഷം സന്ദർശകരെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഏറ്റവും പുതിയ റിപ്പോർട്ടിൽ ഓക്സ്ഫഡ് ഇക്കണോമിക്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 25.6 ലക്ഷമായിരുന്നു സന്ദർശകർ. ഈ വർഷം ഇത് 29 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജനുവരി മുതൽ ഏപ്രിൽ വരെ 15 ലക്ഷം വിദേശികൾ ഖത്തറിലെത്തിയതായി വിവിധ റിപ്പോർട്ടുകളിൽ കാണിക്കുന്നു -ഓക്സ്ഫഡ് ഇക്കണോമിക്സ് വിശദീകരിച്ചു.
2023ന്റെ ആദ്യ പകുതിയിൽ മാത്രം രണ്ടു ദശലക്ഷത്തിലധികം സന്ദർശകരെ ലഭിച്ചതായി അടുത്തിടെ ഖത്തർ ടൂറിസം വെളിപ്പെടുത്തിയിരുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര സന്ദർശകരുടെ വരവ് കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി. ജൂൺ വരെ ഖത്തറിലേക്കുള്ള സന്ദർശകരിൽ 51 ശതമാനം പേരും വിമാനമാർഗം എത്തിയപ്പോൾ കരമാർഗവും കടൽ മാർഗവും യഥാക്രമം 37, 12 ശതമാനമാണ്.
ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ, ഫോർമുല വൺ, എക്സ്പോ ദോഹ 2023 എന്നിങ്ങനെയുള്ള രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടികളുടെ സ്വാധീനം ഈവർഷത്തെ സന്ദർശകരുടെ വരവിലുണ്ടാകുമെന്ന് ഖത്തർ ടൂറിസം പറയുന്നു.
2030ഓടെ പ്രതിവർഷം ആറു ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്യാനാണ് ദേശീയ വിനോദസഞ്ചാര തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ മുമ്പ് ദോഹയിൽ നടന്ന ചടങ്ങിൽ പറഞ്ഞിരുന്നു. ടൂറിസം മേഖല കരുത്താർജിക്കുകയാണെന്നും മിഡിലീസ്റ്റിൽ വിസ നടപടികളിൽ ഏറ്റവും തുറന്ന രാജ്യമായി ഖത്തർ മാറിയെന്നും 95 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ ഓൺ അറൈവൽ വിസ അനുവദിക്കുന്നുണ്ടെന്നും അൽ ബാകിർ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കരുത്ത് നൽകുന്നതോടൊപ്പം വിനോദസഞ്ചാര മേഖല നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ എണ്ണ ഇതര മേഖലകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് നൽകുന്നുണ്ടെന്നും 2022 ലോകകപ്പുമായി ബന്ധപ്പെട്ട് 200 ബില്യൺ ഡോളറാണ് ഖത്തർ ചെലവഴിച്ചിട്ടുള്ളതെന്നും ഓക്സ്ഫഡ് ഇക്കണോമിക്സ് തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.