ഖത്തറിൽ ഈ വർഷം പ്രതീക്ഷിക്കുന്നത് 43 ദശലക്ഷം യാത്രക്കാർ
text_fieldsദോഹ: 2023ൽ ഖത്തറിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ചുമതലയുള്ള മുഹമ്മദ് ഫാലിഹ് അൽ ഹാജിരി. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം മേയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കൂടുതൽ യാത്രക്കാരെത്തിയതായും മുഹമ്മദ് ഫാലിഹ് അൽ ഹാജിരി കൂട്ടിച്ചേർത്തു. 2023 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നും അൽ ഹാജിരി ചൂണ്ടിക്കാട്ടി.
ഓരോ മാസവും യാത്രക്കാരുടെ എണ്ണം നാലു ദശലക്ഷം കവിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം ഇവിടേക്കെത്തുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ യാത്രക്കാരുടെ എണ്ണം ഉയർത്തുന്നതിൽ നിർണായക ഘടകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഖത്തർ എയർവേയ്സിന്റെ ആഗോള വിപുലീകരണവും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും വാണിജ്യ കേന്ദ്രമായും വർഷം തറും നിരവധി പേരെ ആകർഷിക്കുന്ന രാജ്യമായി ഖത്തർ മാറിയതും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലെ മറ്റു ഘടകങ്ങളാണ് -അൽ ഹാജിരി വിശദീകരിച്ചു.
വിമാനങ്ങളുടെ പുതുക്കിയ സമയക്രമ വിവരങ്ങൾ പ്രകാരം ഈ വർഷം വരും മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് വ്യോമ ഗതാഗത വകുപ്പ് പ്രവചിക്കുന്നുണ്ട്. കോവിഡിന് മുമ്പ് രേഖപ്പെടുത്തിയ യാത്രക്കാരുടെ എണ്ണത്തേക്കാൾ ഉയർന്ന നിരക്ക്, വിമാനയാത്രാ വിപണിയിലെ വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.