റെക്കോഡ് സന്ദർശകരെ പ്രതീക്ഷിച്ച് ഖത്തർ
text_fieldsദോഹ: വേനൽക്കാലവും വേനലവധിയും കഴിഞ്ഞ് പൊതുജീവിതം സജീവമാവാനിരിക്കെ ഈ വർഷം സന്ദർശക പ്രവാഹം പ്രതീക്ഷിച്ച് ഖത്തർ. ചൂട് മാറി അടുത്ത മാസം പകുതിയോടെ അന്തരീക്ഷം തണുത്ത് തുടങ്ങുകയും അടുത്തയാഴ്ചയോടെ സ്കൂളുകൾ സജീവമാവുകയും ചെയ്യുന്നതോടെ ഖത്തറിലെ വിനോദസഞ്ചാര മേഖലയും ഉണരും. ഈ വർഷം, രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം 50 ലക്ഷം തികയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക അറബി പത്രമായ ‘അൽ റായ’ റിപ്പോർട്ട് ചെയ്തു. വർഷത്തിന്റെ ആദ്യപകുതിയിൽ 26 ലക്ഷം സന്ദർശകരാണ് ഖത്തറിലെത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധനയാണ് സന്ദർശകരുടെ എണ്ണത്തിൽ ആദ്യപകുതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി ജൂലൈ മാസത്തെ അടയാളപ്പെടുത്തിയിരുന്നു. 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഏഴ് മാസത്തിനിടെ 30.63 ദശലക്ഷം യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്. ജൂലൈയിൽമാത്രം ഇത് 47 ലക്ഷമായതായി ഹമദ് വിമാനത്താവള അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യത്തിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ വിജയകരമായ സംഘാടനമാണ് ആദ്യ പകുതിയിൽ സന്ദർശകരുടെ എണ്ണത്തിലെ അഭൂതപൂർവമായ വർധനക്ക് കാരണമായത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് കര അതിർത്തി പങ്കിടുന്ന സൗദി അറേബ്യയിൽനിന്ന് തന്നെയായിരുന്നു. ആകെ സന്ദർശകരിൽ 29 ശതമാനവും സൗദിയിൽ നിന്നാണെത്തിയത്. എട്ട് ശതമാനം സന്ദർശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ആകെ സന്ദർശകരിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നെത്തിയത് 43 ശതമാനമാണ്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ജി.സി.സി സന്ദർശകരുടെ എണ്ണത്തിൽ 151 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ സന്ദർശക പ്രവാഹം രേഖപ്പെടുത്തിയത്. ഖത്തർ ടൂറിസം കണക്കുകൾ പ്രകാരം 40 ലക്ഷം പേരായിരുന്നു 2023ൽ ഖത്തറിലെ സന്ദർശകർ.
വേനലിന്റെ തുടക്കത്തിൽ ഖത്തർ ടൂറിസം സംഘടിപ്പിച്ച യുവർ സമ്മർ സ്റ്റാർട്ട്സ് ഹിയർ എന്ന തലക്കെട്ടിലുള്ള കാമ്പയിനും സന്ദർശകരെ കൂടുതലായി ഖത്തറിലേക്ക് ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാജ്യത്തെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുക, മികച്ച ഓഫറുകൾ നൽകി സന്ദർശകരെ ആകർഷിക്കുക, സന്ദർശക അനുഭവം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
വിപണന പ്രവർത്തനങ്ങളുടെ വൈവിധ്യം, ആകർഷകമായ പ്രമോഷനുകൾ, യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലെ വൈവിധ്യം തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ജി.സി.സി സന്ദർശകരിൽ അധികവും എത്തിയത് കരമാർഗമായിരുന്നു. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക കാര്യാലയങ്ങൾ വഴിയും അന്താരാഷ്ട്ര ടൂറിസം പ്രദർശനങ്ങളിലെ പങ്കാളിത്തത്തിലൂടെയും ഖത്തറിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള ഖത്തർ ടൂറിസത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.