ജി.സി.സി കരാർ മറ്റു രാജ്യങ്ങളുമായുള്ള ഖത്തറിൻെറ ബന്ധത്തിൽ മാറ്റം വരുത്തില്ല -വിദേശകാര്യമന്ത്രി
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചെങ്കിലും ഖത്തറിന്‍റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ അത് ഒരിക്കലും മാറ്റം വരുത്തില്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.
ഖത്തറിന് മേൽ ഉപരോധമേർപ്പെടുത്തിയ സൗദി അറേബ്യ ഉൾപ്പെടുന്ന രാജ്യങ്ങളുമായി ഭീകരവാദ വിരുദ്ധ, ട്രാൻസ് നാഷണൽ സെക്യൂരിറ്റി മേഖലകളിൽ ദോഹ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ ഒരു രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധമെന്നുള്ളത് രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ പരിധിയിലാണ്. അത് രാജ്യ താൽപര്യത്തിനനുസരിച്ചാണെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
അതിനാൽ, പുതിയ കരാറുകളും ഉടമ്പടികളും ഖത്തറിന്‍റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഒരു സ്വാധീനവുമുണ്ടാക്കില്ല. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
അൽ ജസീറ ഇപ്പോഴും പഴയത് പോലെ പ്രവർത്തിക്കുന്നുണ്ട്. ഒരു മാറ്റവും സംഭവിച്ചിട്ടില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആഴ്ചക്കുള്ളിൽ തന്നെ കരാർ പ്രകാരമുള്ള നടപടികൾ പ്രാബല്യത്തിൽ വരുമെന്നും കാര്യങ്ങൾ പഴയ അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിൽ ഒപ്പുവെച്ചതോടെ ഇവിടെ എല്ലാ രാജ്യങ്ങളും ജേതാക്കളായിരിക്കുകയാണ്. എന്നാൽ മഞ്ഞുരുക്കം പൂർണമാകണമെങ്കിൽ സമയമെടുക്കും.
ബന്ധങ്ങൾ പഴയ നിലയിലേക്ക് എത്തുന്നതിന് ചില നടപടിക്രമങ്ങളും ചുവടുവെപ്പുകളുമുണ്ട്. വലിയ അഭിപ്രായ ഭിന്നതകൾ ഇപ്പോഴുമുണ്ട്. അതെല്ലാം ഉഭയകക്ഷി ചർച്ചകൾ നടത്തി പരിഹരിക്കപ്പെടും. ഓരോ രാജ്യത്തിനും ഖത്തറുമായി വ്യത്യസ്ത വിയോജിപ്പുകളാണുള്ളതെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.
പ്രതിസന്ധി പൂർണമായും അവസാനിക്കുന്നതോടെ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഖത്തർ നിക്ഷേപമിറക്കുന്നതിന്‍റെ സൂചനകളും ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ കൂടിയായ ശൈഖ് മുഹമ്മദ് ആൽഥാനി പങ്കുവെച്ചു.
ഭാവിയിൽ സാധ്യതകളെല്ലാം തുറക്കപ്പെടുകയാണെങ്കിൽ രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നത്. ഖത്തർ എന്നത് എപ്പോഴും തുറന്ന പുസ്തകമാണ്.
ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയിൽ സൗദി അറേബ്യക്കും സഖ്യരാഷ്ട്രങ്ങൾക്കുമെതിരായി ഖത്തർ സമർപ്പിച്ചിരുന്ന കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കൃത്യ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതോടെ കേസുകളെല്ലാം അവസാനിക്കുമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.