അമീറും സൗദി വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്പരം ആശംസ നേർന്ന് രാഷ്ട്രത്തലവന്മാർ
text_fieldsദോഹ: ഖത്തർ സന്ദർശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സൗഹൃദ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുമായി അമീറിന്റെ കൂടിക്കാഴ്ച.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും ആശംസകൾ വിദേശകാര്യ മന്ത്രി അമീറിനെ അറിയിച്ചു.
ഖത്തറിലെ ജനങ്ങൾക്കും രാഷ്ട്രപുരോഗതിക്കും ഭരണാധികാരികളുടെ ക്ഷേമത്തിനും സൗദി രാജാവും പ്രധാനമന്ത്രിയും ആശംസ നേർന്നു. സൗദി രാഷ്ട്രത്തലവൻമാർക്ക് അമീറും വിദേശകാര്യ മന്ത്രി മുഖേന ഖത്തറിന്റെ ആശംസ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്തുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര, മേഖല വിഷയങ്ങളും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.