കാണികൾക്ക് വിരുന്നൊരുക്കാം
text_fieldsദോഹ: ഫുട്ബാളും ആതിഥേയത്വവുമാണ് അറേബ്യയുടെ മുഖമുദ്ര. ആ മണ്ണിലേക്ക് കാൽപന്തിൻെറ വിശ്വമേളയെത്തുേമ്പാൾ വിരുന്നൊരുക്കിയാവും അവർ കളിയെ വരവേൽക്കുന്നത്. ഇതെല്ലാം മനസ്സിൽ കണ്ടാണ്ട് ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ഗെലസി വിശ്വമേളക്ക് കാണികളെ സ്വാഗതം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽനിന്നായി ലോകകപ്പിനെത്തുന്ന കാണികൾക്ക് താമസസൗകര്യമൊരുക്കാന അതുവഴി ഖത്തറിൻെറ സംസ്കാരവും പാരമ്പര്യവും ദേശാന്തരങ്ങളിലേക്ക് പകർന്നുനൽകാനുമാണ് സംഘാടകരുടെ ലക്ഷ്യം. പ്രത്യേക രജിസ്ട്രേഷന്‍ വഴി സന്നദ്ധത അറിയിക്കുന്ന ഖത്തറിലെ താമസക്കാരെയും ആതിഥ്യം ആഗ്രഹിക്കുന്ന കാണികളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. 'ഹോസ്റ്റ് എ ഫാന്‍' അതായത് കാണിയെ അതിഥിയാക്കുക എന്ന തലക്കെട്ടിലാണ് ലോകകപ്പിൻെറ ചരിത്രത്തിലെതന്നെ വേറിട്ട പദ്ധതി ആവിഷ്കരിക്കുന്നത്. വരാനിരിക്കുന്ന ഫിഫ അറബ് കപ്പിൽ 'ഹോസ്റ്റ് എ ഫാൻ' പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സുപ്രീം കമ്മിറ്റി പ്രോജക്ട് മാനേജർ ഖാലിദ് അൽ ജുമൈലി പറഞ്ഞു. www.hostafan.qa എന്ന വെബ്സൈറ്റ് വഴി അതിഥിയെ വരവേൽക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 12നകം രജിസ്റ്റർ ചെയ്യണം. വിജയകരമായി രജിസ്ട്രേഷന്‍ പൂർത്തീകരിക്കുന്ന അതിഥിയെയും ആതിഥേയനെയും തമ്മില്‍ ബന്ധിപ്പിച്ച് താമസസൗകര്യം ഉറപ്പുവരുത്തും. 18 വയസ്സ് പൂർത്തിയായവരായിരിക്കണം അപേക്ഷാർഥികൾ എന്ന നിർദേശവുമുണ്ട്. ഖത്തർ സന്ദർശിക്കുന്ന കളിയാരാധകർക്ക് ടൂർണമെൻറിലുടനീളം വിവിധയിടങ്ങളിലായി താമസിച്ച് ഒരു പ്രദേശവാസിയുടെ കണ്ണിലൂടെ ഖത്തറിൻെറ സമ്പന്നമായ സാംസ്കാരവും ആതിഥ്യമര്യാദയും അനുഭവിക്കാനുള്ള അവസരമൊരുക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഖാലിദ് അല്‍ ജുമൈലി പറഞ്ഞു. ഖത്തർ പൗരന്മാർക്കൊപ്പം തൊഴിൽതേടിയെത്തിയ പ്രവാസികൾക്കും ഹോസ്റ്റ് എ ഫാൻ ആതിഥേയരാവാം. ഇതുവഴിയെത്തുന്ന അതിഥികൾക്ക് താമസത്തിന് കാശ് മുടക്കേണ്ടിവരില്ല. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. സന്ദർശകൻ ഖത്തർ അംഗീകൃത വാക്സിനുകൾ സ്വീകരിച്ച ആൾ ആയിരിക്കണം. താമസസൗകര്യവും എത്രദിവസം താമസിക്കാമെന്നും ആതിഥേയർക്ക് തീരുമാനിക്കാം. ടൂർണമെൻറ് കാലത്ത് അതിഥികളുടെ ഖത്തറിലെ ഗൈഡായിട്ടാവും ആതിഥേയർ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.