ഗസ്സ കടുത്ത പട്ടിണിയിലേക്കെന്ന് ഖത്തർ വിദേശകാര്യ വക്താവ്
text_fieldsദോഹ: ഫലസ്തീൻ ജനത ഭക്ഷ്യക്ഷാമവും പട്ടിണിയുമായി കടുത്ത ദുരിതത്തിലാണെന്ന മുന്നറിയിപ്പുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി എന്നിവയില്ലാതെ വടക്കൻ ഗസ്സയിൽ ദുരിതപൂർണമായ സാഹചര്യങ്ങളെ നേരിടുന്നതെന്ന് ദോഹയിൽ മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഗസ്സ മുനമ്പിൽ നൽകുന്ന ഏത് സഹായവും അവിടെയുള്ളവർക്ക് ആവശ്യമുള്ളതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. 25 ലക്ഷത്തോളം പേർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ഗസ്സ മുനമ്പിന്റെ തെക്കൻ ഭാഗത്തെ തമ്പുകളിൽ പത്തു ലക്ഷത്തോളം പേരാണ് കടുത്ത ദുരിതങ്ങളിലൂടെ ജീവിതം തള്ളിനീക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനായി ഈജിപ്തിലെ അൽ അരീഷിലേക്ക് ഖത്തർ ആരംഭിച്ച എയർ ബ്രിഡ്ജിലൂടെ 80ലധികം വിമാനങ്ങളിൽ സഹായമെത്തിച്ചു കഴിഞ്ഞു. എന്നാൽ, അവിടെനിന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇത് ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഗൗരവമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു.
റമദാൻ ആരംഭിക്കുന്നതിനു മുമ്പ് ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ അൻസാരി പറഞ്ഞു. നിരവധി തടസ്സങ്ങളും പ്രതിസന്ധികളും മുന്നിലുണ്ട്. എന്നാൽ, ഇതുവരെയുള്ള ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ട് -വിദേശകാര്യ വക്താവ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.