ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിൽ തോബ് യൂനിഫോമായി മാറും
text_fieldsദോഹ: ഖത്തർ ഫൗണ്ടേഷനിൽ ആറാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമിടയിലെ ഖത്തരി വിദ്യാർഥികൾക്ക് തോബും ഗിത്രയും ഔദ്യോഗിക യൂനിഫോമായി മാറുമെന്ന് പ്രാദേശിക പത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു. അടുത്ത വിദ്യാഭ്യാസ കലണ്ടർ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഖത്തർ ലീഡർഷിപ് അക്കാദമി ഒഴികെയുള്ള എല്ലാ ഖത്തർ ഫൗണ്ടേഷൻ പ്രീ-യൂനിവേഴ്സിറ്റി സ്കൂളുകൾക്കും ഇത് ബാധകമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തരികളല്ലാത്ത വിദ്യാർഥികൾക്ക് സാധാരണ യൂനിഫോം അണിയുകയോ പരമ്പരാഗത വസ്ത്രം ധരിക്കുകയോ ചെയ്യാം. വിദ്യാർഥിനികൾക്ക് ഈ നിയമം ബാധകമാകുകയില്ല. ഖത്തരി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തർ ഫൗണ്ടേഷന്റെ പ്രതിബദ്ധതയുടെ ഭാഗമായുള്ള പുതിയ തീരുമാനത്തെക്കുറിച്ച് പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ രക്ഷിതാക്കളെ നേരത്തേതന്നെ അധികൃതർ അറിയിച്ചിട്ടുണ്ട്.
സാംസ്കാരിക സ്വത്വബോധം വളർത്തുകയാണ് തങ്ങളുടെ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സ്ഥാപനത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. ഖത്തറുൾപ്പെടുന്ന ഗൾഫ് മേഖലയിലെ പുരുഷന്മാർ സാധാരണയായി ധരിക്കുന്ന ബട്ടണിട്ട സ്ലീവ് ഉള്ള വെളുത്ത നീളൻകുപ്പായമാണ് തോബ്. പരമ്പരാഗത രൂപത്തെ പൂർത്തീകരിച്ചുകൊണ്ടുള്ള വെളുത്ത തലപ്പാവാണ് ഗിത്ര.അറബ്, മുസ്ലിം രാജ്യത്ത് ആദ്യമായി നടന്ന 2022 ഫിഫ ലോകകപ്പിൽ ഖത്തരി സംസ്കാരത്തെ ദശലക്ഷക്കണക്കിന് വരുന്ന വിദേശ സന്ദർശകർ വ്യാപകമായി ആഘോഷിച്ച് മാസങ്ങൾ പിന്നിടവെയാണ് ഖത്തർ ഫൗണ്ടേഷന്റെ പുതിയ തീരുമാനം.
ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ വിജയത്തിനു പിന്നാലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലയണൽ മെസ്സിയെ ബിഷ്ത് അണിയിച്ചതോടെ ആരാധകർക്കിടയിൽ ബിഷ്തും ജനപ്രിയ വസ്ത്രമായി മാറിയിരുന്നു. പ്രദേശത്തിന്റെ പൗരാണിക പൈതൃകത്തിന്റെ ഭാഗമായ പുരുഷന്മാർക്കുള്ള പരമ്പരാഗത വസ്ത്രമാണ് ബിഷ്ത്.
രാജകീയതയുടെ പ്രതീകമായി അറിയപ്പെടുന്ന ബിഷ്ത്, പ്രത്യേക ചടങ്ങുകളിലും വിശിഷ്ട അവസരങ്ങളിലുമാണ് ധരിക്കുക. 2024ലെ ലോക പൈതൃകദിനത്തിൽ ഖത്തറിന്റെ പരമ്പരാഗത വസ്ത്രം ഉൾപ്പെടുത്താനുള്ള ശ്രമം ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.