സിറിയൻ അഭയാർഥികൾക്ക് കരുതലായി ഖത്തർ ഫണ്ട്
text_fieldsദോഹ: ലബനാനിലും ജോർഡനിലുമുള്ള സിറിയൻ അഭയാർഥികൾക്കായി 40 ലക്ഷം ഡോളർ ധനസഹായം വിതരണം ചെയ്ത് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി). യു.എൻ ഹൈക്കമീഷണർ ഫോർ റെഫ്യൂജീസ് (യു.എൻ.എച്ച്) മൾട്ടി പർപ്പസ് ക്യാഷ് അസിസ്റ്റൻസ് പ്രോഗ്രാമിന് കീഴിൽ ഈ വർഷം ഫെബ്രുവരി മുതൽ മേയ് വരെ നാല് മാസത്തിനിടെയാണ് ധനസഹായം കൈമാറിയത്.
ഭക്ഷണം, വാടക, ആരോഗ്യ സംരക്ഷണം തുടങ്ങി അഭയാർഥികളുടെ ഏറ്റവും അടിയന്തര ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ധനസഹായ വിതരണത്തിൽ ജോർഡനിലെ 14,000 അഭയാർഥികളും ലബനാനിലെ 58,700 അഭയാർഥികളും ഗുണഭോക്താക്കളായി.
സിറിയൻ അഭയാർഥികളുടെയും അവരുടെ ആതിഥേയരായ സമൂഹങ്ങളുടെയും അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാനും, യു.എൻ.എച്ച്.സി.ആറുമായി സഹകരണം തുടരാനും ക്യു.എഫ്.എഫ്.ഡി മുന്നിലുണ്ടാകുമെന്ന് ആക്ടിങ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ അഹ്മദ് അൽ അസീരി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തോടുള്ള ഖത്തറിന്റെ ഉത്തരവാദിത്തത്തിന്റെ തെളിവാണ് യു.എൻ.എച്ച്.സി.ആറുമായുള്ള സഹകരണമെന്നും അൽ അസീരി കൂട്ടിച്ചേർത്തു.
ദുരിതത്തിലകപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ദുരിതം ലഘൂകരിക്കാനും അവരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം സംരംഭങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും നിർണായകമായ സമയത്താണ് ക്യു.എഫ്.എഫ്.ഡിയുടെ സഹായമെത്തിയതെന്നും, അഭയാർഥികൾക്ക് ഖത്തർ ഫണ്ട് നൽകുന്ന തുടർച്ചയായ പിന്തുണക്കും ഞങ്ങളുടെ പരിപാടികളിലേക്കുമുള്ള സംഭാവനക്കും കടപ്പാട് അറിയിക്കുന്നുവെന്നും ഖത്തറിലെ യു.എൻ.എച്ച്.സി.ആർ പ്രതിനിധി അഹ്മദ് മുഹ്സിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.