പവിഴപ്പുറ്റുകൾക്ക് ആവാസമൊരുക്കി ഖത്തർ ഗ്യാസ്
text_fieldsദോഹ: കടൽ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഖത്തർ ഗ്യാസ് നടപ്പാക്കുന്ന പരിസ്ഥിതി പദ്ധതികളുടെ ഭാഗമായി 2007 മുതൽ 12000ത്തിലധികം പവിഴപ്പുറ്റുകൾക്ക് സുരക്ഷിത ആവാസമൊരുക്കി.
1200 കൃത്രിമ റീഫ് മൊഡ്യൂളുകൾ വിന്യസിച്ചാണ് പൈപ്പ് ലൈനുകളിൽനിന്ന് ഓഫ്ഷോർ സംരക്ഷിത പ്രദേശത്തേക്ക് ഇവക്ക് ആവാസമൊരുക്കിയത്. കഴിഞ്ഞ മാസം റാസ് മത്ബഖിലെ അക്വാട്ടിക് ഫിഷറീസ് റിസർച് സെന്ററിൽ ഖത്തർ സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച ശിൽപശാലയിൽ ഖത്തർ ഗ്യാസ് തങ്ങളുടെ സമുദ്ര ജൈവവൈവിധ്യ പദ്ധതികൾ അവതരിപ്പിച്ചു.
പ്രാദേശികമായി വികസിപ്പിച്ച റീഫ് മൊഡ്യൂളുകൾക്ക് പരിസ്ഥിതി സൗഹൃദമായ കുറഞ്ഞ പി.എച്ച് കോൺക്രീറ്റ് മിശ്രിമതാണ് ഉപയോഗിക്കുന്നത്. സമഗ്രമായ സമുദ്ര പരിസ്ഥിതി വിലയിരുത്തലുകൾക്കും പരിശോധനകൾക്കും ശേഷമാണ് സൈറ്റുകളിൽ അവ സ്ഥാപിക്കുന്നത്.
ശിൽപശാലയിൽ ഖത്തറിന്റെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന പാരിസ്ഥിതിക സംരംഭങ്ങളും ഖത്തർ ഗ്യാസ് പ്രദർശിപ്പിച്ചു. 2021ൽ റാസ് മത്ബഖിലെ ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച ഇത്തരത്തിലുള്ള ആദ്യ പവിഴപ്പുറ്റ് നഴ്സറിയിൽ ഖത്തർ സർവകലാശാലയുമായുള്ള ഖത്തർ ഗ്യാസിന്റെ സഹകരണവും ശിൽപശാലയിൽ ചൂണ്ടിക്കാട്ടി.
കടൽ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഖത്തർ ഗ്യാസ് നടപ്പാക്കുന്ന പരിസ്ഥിതി പദ്ധതികളുടെ ഭാഗമായാണ് പവിഴപ്പുറ്റുകൾ സംരക്ഷിക്കുന്നതിനായി ഖത്തർ ഗ്യാസ് കോറൽ മാനേജ്മെന്റ് പ്രോഗ്രാം (സി.എം.പി) നടപ്പാക്കുന്നത്. സി.എം.പിയുടെ ഭാഗമായി കൃത്രിമ പവിഴപ്പുറ്റുകൾ നിർമിക്കുകയും വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുക, നിലവിലുള്ള പവിഴപ്പുറ്റുകൾ മാറ്റിസ്ഥാപിക്കുക, പവിഴപ്പുറ്റ് നഴ്സറി സ്ഥാപിക്കുക എന്നിവയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഖത്തർ ഗ്യാസിന്റെ നോർത്ത് ഫീൽഡ് പ്രൊഡക്ഷൻ സസ്റ്റെയിനബിലിറ്റി പദ്ധതിയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടിയാണ് കോറൽ മാനേജ്മെൻറ് പ്രോഗ്രാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.