അവർ ഇനി തെരുവിലല്ല; അഭയമായി പതിനായിരം വീടുകൾ
text_fieldsദോഹ: ഭൂകമ്പത്തിൽ വീടും കിടപ്പാടങ്ങളും നഷ്ടമായി തെരുവിലായ തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് സഹായമായി ഖത്തർ പ്രഖ്യാപിച്ച മൊബൈൽ വീടുകളിലെ അവസാന ബാച്ചും കൈമാറി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിനു കീഴിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച 10,000 കാബിൻ വീടുകളാണ് ഇതോടെ തുർക്കിയ, സിറിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലായി നൽകിയത്. വടക്കുകിഴക്കൻ തുർക്കിയയിലെ പതിനഞ്ചോളം നഗരങ്ങളിലായാണ് പൂർണമായി ഫർണിഷ് ചെയ്ത്, വൈദ്യുതീകരിച്ച വീടുകൾ വിതരണം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അരലക്ഷത്തോളം പേരുടെ ജീവൻ കവരുകയും ദശലക്ഷം ജനങ്ങൾക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്ത ഭൂകമ്പദുരന്തത്തിന്റെ ഇരകൾക്ക് ആശ്വാസമായാണ് ഖത്തർ 10,000 മൊബൈൽ വീടുകൾ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിലെത്തിയ കാണികളുടെ താമസത്തിനുപയോഗിച്ച കണ്ടെയ്നർ കാബിൻ വീടുകളാണ് കൂടുതൽ മോടിപിടിപ്പിച്ച് ഭൂകമ്പ ദുരിതബാധിതർക്കായി എത്തിച്ചത്. ഫെബ്രുവരി ആദ്യവാരത്തിൽ നടന്ന ദുരന്തത്തിനു പിന്നാലെ, ഖത്തർ എയർബ്രിഡ്ജ് പ്രഖ്യാപിച്ച് തുർക്കിയ, സിറിയ രാജ്യങ്ങളിലേക്ക് ഖത്തർ സഹായം പ്രഖ്യാപിച്ചിരുന്നു.
ദുരിതാശ്വാസ വസ്തുക്കളെത്തിച്ചും രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ അയച്ചും സഹായിച്ചതിനു പിന്നാലെയാണ് 10,000 വീടുകൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടം എന്ന നിലയിൽ മാർച്ച് അവസാനത്തോടെതന്നെ 4000 കാബിനുകൾ കടൽമാർഗം എത്തിച്ചിരുന്നു. പിന്നീട്, ഘട്ടംഘട്ടമായാണ് വീടുകളെത്തിച്ച് സ്ഥാപിച്ചത്. ഇവയിൽ ഏറ്റവും ഒടുവിലത്തെ ബാച്ചാണ് കഴിഞ്ഞ ദിവസം ദുരന്തബാധിതർക്ക് കൈമാറിയത്.
എല്ലാവിധ താമസ സൗകര്യങ്ങളോടെയുമായിരുന്നു ലോകകപ്പ് വേളയിൽ കണ്ടെയ്നർകൊണ്ടുള്ള കാബിൻ വില്ലകൾ സജ്ജീകരിച്ചത്. ചുമരുകളും രണ്ട് കിടക്കകളും ചെറുമേശയും കസേരയും എയർകണ്ടീഷനും ടോയ്ലറ്റുമായി വിശാലമായ താമസസംവിധാനം വലിയ മേളകളുടെ അടിസ്ഥാന സൗകര്യനിർമിതികളിൽ വിപ്ലവമായി മാറി. പടിഞ്ഞാറൻ മാധ്യമങ്ങളുടെ വിമർശനങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായിരുന്നു താമസക്കാരിൽനിന്ന് ഇതിന് ലഭിച്ച സ്വീകാര്യത.
കളി കഴിഞ്ഞ് ഇവയെല്ലാം കാലിയായപ്പോഴാണ് തുർക്കിയയിലും സിറിയയിലും വീട് നഷ്ടപ്പെട്ടവർ പുതിയ അവകാശികളായി മാറുന്നത്. മുൻകാലങ്ങളിൽ ലോകകപ്പും ഒളിമ്പിക്സും കഴിയുേമ്പാൾ നോക്കുകുത്തിയാവുന്ന നിർമിതികളുടെ സ്ഥാനത്ത്, ഖത്തറിന്റെ കണ്ടെയ്നർ കാബിൻ മറ്റു രാജ്യങ്ങളിലെ അടിയന്തര ദുരിതാശ്വാസത്തിന് പ്രധാന ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.