‘ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ശേഷി ഖത്തറിനുണ്ട്’
text_fieldsദോഹ: ഒളിമ്പിക് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ശേഷി ഖത്തറിനുണ്ടെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് അൽ മന. ഖത്തർ ഫെൻസിങ് ആൻഡ് വെയ്റ്റ് ലിഫ്റ്റിങ്, ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ എന്നിവയുടെ പ്രസിഡന്റ് കൂടിയാണ് മന. 2022 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് അത്യുജ്ജ്വലമായി സംഘടിപ്പിച്ച് ലോകത്തിനു മുന്നിൽ തങ്ങളുടെ കഴിവ് വെളിപ്പെടുത്തിയ ഖത്തറിന് ഒളിമ്പിക്സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ടെന്നും അൽ മന ചൂണ്ടിക്കാട്ടി.
‘നാളെ മുതൽ വേണമെങ്കിൽ ഒളിമ്പിക്സ് സംഘടിപ്പിക്കാൻ ഖത്തറിന് കഴിയും. ഹോട്ടലുകൾ, സ്റ്റേഡിയങ്ങൾ, ഹാളുകൾ, ഗതാഗത സൗകര്യങ്ങൾ, മറ്റ് സാങ്കേതിക, ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവയെല്ലാം നിലവിൽ ഖത്തറിനുണ്ട്. ഫിഫ ലോകകപ്പ് സംഘാടന മികവിന്റെ അതിശയ സാക്ഷ്യമായിരുന്നു’ -ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യു.എൻ.എ) നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽ മന പറഞ്ഞു. ഭാവിയിലേക്കുള്ള തിളക്കമേറിയ കാഴ്ചപ്പാടുകളുടെ പിൻബലത്തോടെയാവണം ഏതൊരു ചാമ്പ്യൻഷിപ്പിനും ആതിഥ്യം വഹിക്കേണ്ടത്. സമ്മർ ഒളിമ്പിക് ഗെയിംസ് എളുപ്പത്തിൽ സംഘടിപ്പിക്കാൻ ഖത്തർ ഇന്ന് പ്രാപ്തമാണ്. എങ്കിലും അത്തരം ആതിഥ്യം രാഷ്ട്രീയം, സാമ്പത്തികം, കായികം തുടങ്ങിയ വിവിധ ഘടകങ്ങളെക്കൂടി ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2030ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ എല്ലാ അർഥത്തിലും പ്രാപ്തമാണ്. 2006ലെ ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കുന്നതിന് മുമ്പുള്ളതുപോലെയുള്ള കൂടുതൽ പരിശ്രമമോ വലിയ അധ്വാനമോ അതിനായി ആവശ്യമില്ല. ഇത്തവണ ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നതിന്, മുമ്പ് നടന്നതിന് സമാനമായ പരിശ്രമമോ ഒരുക്കങ്ങളോ ഫണ്ടോ കൂടുതൽ വിനിയോഗിക്കേണ്ടിവരില്ല. സംഘാടനപരവും സേവനവിന്യാസപരവുമായ ഏരിയകളിൽ മാത്രമാണ് കൂടുതൽ യത്നിക്കേണ്ടിവരുകയെന്ന് അൽ മന ചൂണ്ടിക്കാട്ടി.
ഖത്തർ ഇത്തവണ ലോകകപ്പ് സംഘടിപ്പിച്ചതുപോലെ അതിന്റെ പൂർണാർഥത്തിൽ മുമ്പ് ഒരു ലോകകപ്പിനോ ഒളിമ്പിക്സിനോ ഒരു രാജ്യവും വേദിയൊരുക്കിയിട്ടില്ല. ആഗോള തലത്തിൽ ഏറ്റവും വലുതും പ്രശസ്തവുമായ ടൂർണമെന്റിന് ഗംഭീരമായി അരങ്ങൊരുക്കിയതിലൂടെ ഖത്തർ കുറിച്ചത് ഐതിഹാസിക നേട്ടമായിരുന്നു. അത് സമാനതകളില്ലാത്തതും പകർത്താനാവാത്തതുമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് ജോവാൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഒളിമ്പിക് കമ്മിറ്റി പിന്തുടരുന്ന നയം കായിക മൂല്യങ്ങളും അവബോധവും വളർത്തുന്നതിന് അടിവരയിടുന്നതാണ്. പതക്കങ്ങൾ നേടുകയോ ടൂർണമെന്റ് ജയിക്കുകയോ ചെയ്യുന്നതിനപ്പുറം കായികപരിശീലനത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രാഥമികമായി അത് ജനങ്ങളുടെ ആരോഗ്യത്തിൽ പ്രതിഫലിപ്പിക്കണം. കായിക ആരോഗ്യവും സുതാര്യവുമായ മത്സരാവബോധവും നിലനിർത്തുക എന്നതാണ് സ്പോർട്സിന്റെ പ്രാഥമിക ലക്ഷ്യം.
ലോകകപ്പ് ഫുട്ബാളിൽനിന്നാർജിച്ച ആവേശം കരുത്താക്കി ഖത്തറിനെ മേഖലയിലെ മാത്രമല്ല, ലോകത്തിന്റെതന്നെ കായിക തലസ്ഥാനമാക്കുക എന്ന ലക്ഷ്യമാണ് ഒളിമ്പിക് കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. വിവിധ ഇനങ്ങളിലെ വമ്പൻ ആഗോള ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഖത്തറിനുണ്ട്.
കഴിവുറ്റ യുവതലമുറക്കൊപ്പം കായിക സ്ഥാപനങ്ങൾ, സ്റ്റേഡിയങ്ങൾ, ഹാളുകൾ, പരിശീലന വേദികൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ രാജ്യത്തിന് പിൻബലമേകുന്ന ഒരുപാട് ഘടകങ്ങളുണ്ടെന്ന് അൽ മന ചൂണ്ടിക്കാട്ടി. ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്, ലോക ജൂഡോ ചാമ്പ്യൻഷിപ്, 2024ലെ പാരിസ് ഒളിമ്പിക്സിന്റെ യോഗ്യതവേദിയായ ഖത്തർ വെയ്റ്റ്ലിഫ്റ്റിങ് കപ്പ് എന്നിവയുൾപ്പെടെയുള്ളവക്ക് വരുംനാളുകളിൽ ഖത്തർ വേദിയൊരുക്കും.
അന്താരാഷ്ട്ര ഒളിമ്പിക്സ് പ്രസ്ഥാനത്തിലെ ഏറ്റവും കടുപ്പമേറിയതും ബുദ്ധിമുട്ടുള്ളതുമായ കായിക ഇനങ്ങളിൽ ഒന്നാണ് വെയ്റ്റ്ലിഫ്റ്റിങ് എന്ന് അൽമന അഭിപ്രായപ്പെട്ടു. ഇതിന് ശാരീരികവും മാനസികവുമായ പ്രത്യേക സവിശേഷതകൾ ആവശ്യമാണ്.
പാരിസ് 2024 സമ്മർ ഒളിമ്പിക്സിൽ വലിയ നേട്ടം കൈവരിക്കാൻ ഖത്തറിലെ വെയ്റ്റ് ലിഫ്റ്റർമാർക്ക് കഴിയും. വെസ്റ്റ് ഏഷ്യ ചാമ്പ്യൻഷിപ്പിലും ഖത്തർ കപ്പിലും പങ്കെടുത്തവരിൽ കഴിവു തെളിയിച്ചവരിൽനിന്ന് ഒരു ഖത്തരി പുരുഷ അല്ലെങ്കിൽ വനിത ചാമ്പ്യനെ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രത്യാശയെന്നും അൽമന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.