ഖത്തർ കളിയിടമൊരുക്കി; അഭയമായ മണ്ണിൽ അവർ കളിച്ചുവളരട്ടെ
text_fieldsദോഹ: ആഭ്യന്തര യുദ്ധത്തിൽ കിടപ്പാടവും നാടും നഷ്ടമായി അഭയാർഥികളായ പതിനായിരങ്ങൾക്ക് അഭയവും ജീവിതവും പുനർനിർമിക്കുന്ന ഖത്തർ ചാരിറ്റി നേതൃത്വത്തിൽ സിറിയയിൽ ഒരുങ്ങിയത് വലിയൊരു ഫുട്ബാൾ ഗ്രൗണ്ട്. വടക്കൻ സിറിയയിലെ ആലെപ്പോയിലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ഫുട്ബാൾ ഗ്രൗണ്ട് ഒരുക്കിയത്. ചെറുവീടുകളും ഷെൽട്ടറുകളുമായി പതിനായിരങ്ങൾ താമസിക്കുന്ന കേന്ദ്രത്തിന് നടുവിലായാണ് അവരുടെ കായിക മികവിനും വിനോദത്തിനും ഉപകരിക്കുന്ന നിലയിൽ സിന്തറ്റിക് ഗ്രാസ് ടർഫിൽ ഗ്രൗണ്ടൊരുക്കിയത്.
അഭയാർഥി ക്യാമ്പിലെ യുവാക്കൾക്കും കൗമാരക്കാർക്കുമെല്ലാം വിനോദം എന്നതിലുപരി സൗഹൃദവും സഹകരണവും വളർത്താനും പരസ്പരം ആരോഗ്യകരമായ മത്സരം വികസിപ്പിക്കാനും ഫുട്ബാൾ മൈതാനം വഴി കഴിയുമെന്ന് ഖത്തർ ചാരിറ്റി പ്രോജക്ട്സ് ഫീൽഡ് കോഓഡിനേറ്റർ ഹസൻ അൽ ആബിദ് പറഞ്ഞു. അസാസ് ലോക്കൽ കൗൺസിൽ അംഗങ്ങളും തുർക്കിഷ് ഡിസാസ്റ്റർ റിലീഫ് ഏജൻസി ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പുതിയ ഗ്രൗണ്ട് ക്യാമ്പിലെ അംഗങ്ങൾക്കായി തുറന്നു നൽകി. 500ഓളം പേർക്ക് ഇരിപ്പിടം, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ, ഡ്രസിങ് റൂം എന്നിവ ഉൾപ്പെടെയാണ് നിർമാണം പൂർത്തിയാക്കിയത്.
ഖത്തർ ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് ഖത്തർ ചാരിറ്റി നടപ്പാക്കിയ ‘ഫിഫ ഖത്തർ-2022 ഫോർ ഓൾ; അഭയാർഥികൾക്കിടയിലേക്കും സന്തോഷമെത്തിക്കുക’ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയ നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ ലോകകപ്പ് വേളയിൽ സിറിയ, ജോർഡൻ, ബംഗ്ലാദേശ്, സോമാലിയ, കെനിയ, സുഡാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ ഫാൻ സോണുകൾ തയാറാക്കിയിരുന്നു. സിറിയയിൽ ആലെപ്പോയിലെ അഭയാർഥി ക്യാമ്പിൽനിന്നും 25 കിലോമീറ്റർ പരിധിയിൽ ഒരു കായിക സൗകര്യവും ഇല്ലാത്തതുകൂടി കണക്കിലെടുക്കുമ്പോൾ ഫുട്ബാൾ ഗ്രൗണ്ടിന് ഏറെ പ്രസക്തിയുണ്ടെന്ന് സൊഖ്റ ക്യാമ്പ് ഡയറക്ടർ അലാ അൽ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.