പ്രതിരോധ കരുത്ത് ശക്തമാക്കി ഖത്തർ
text_fieldsദോഹ: ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ഖത്തര്‍ പ്രതിരോധ മേഖലക്കായി കഴിഞ്ഞവര്‍ഷം ചെലവിട്ടത്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലോകരാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രതിരോധത്തിനും സുരക്ഷക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമൊരുക്കിയ രാജ്യം എന്ന നിലയില്‍ സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾക്കായി ഏറെ പ്രാധാന്യമാണ് ഖത്തർ നൽകിയത്. അത്യാധുനിക സൈനിക സംവിധാനങ്ങൾ ആർജിക്കുന്നതിനും സാങ്കേതിക വത്കരണത്തിനുമായി കാര്യമായ ശ്രദ്ധ നൽകിയ വർഷം കൂടിയായിരുന്നു 2022. സുരക്ഷക്കായി 15.4 ബില്യണ്‍ യൂറോ അതായത് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഖത്തര്‍ ചെലവഴിച്ചത്. സൈനിക ചെലവുകള്‍ക്ക് പണം ചെലവഴിച്ചതില്‍ മേഖലയില്‍ രണ്ടാമതുള്ള ഖത്തര്‍ ആഗോള തലത്തില്‍ 20 ആം സ്ഥാനത്തുണ്ട്. മേഖലയില്‍ സൗദിയാണ് ഒന്നാമത്. 75 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ ഏഴു ശതമാനമാണ് ഖത്തര്‍ പ്രതിരോധത്തിനായി മാറ്റിവെച്ചത്. ഇക്കാര്യത്തില്‍ മൂന്നാമതുള്ള ഖത്തറിന് മുന്നിലുള്ളത് സൗദിയും യുക്രെയ്നുമാണ്. റഷ്യയുമായുള്ള യുദ്ധം കാരണം ജി.ഡി.പിയുടെ 34 ശതമാനവും യുക്രെയ്ന് ചെലവഴിക്കുന്നത് സൈനികാവശ്യങ്ങള്‍ക്കാണ്. 2010നെ അപേക്ഷിച്ച് ഖത്തറിന്റെ പ്രതിരോധ ചെലവില്‍ 434 ശതമാനമാണ് വര്‍ധന.
ലോകത്തെ പ്രധാന ആയുധ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിലും ഖത്തറുണ്ട്. അമേരിക്കയില്‍നിന്നും ഫ്രാന്‍സില്‍നിന്നും 36 വീതം യുദ്ധവിമാനങ്ങള്‍, ബ്രിട്ടനില്‍നിന്ന് എട്ട് യുദ്ധവിമാനങ്ങള്‍, ഇറ്റലിയില്‍നിന്ന് മൂന്ന് യുദ്ധക്കപ്പലുകള്‍ എന്നിവ ഖത്തര്‍ വാങ്ങിയതായി സിപ് റിയുടെ കണക്കുകള്‍ പറയുന്നു.
ലോകരാജ്യങ്ങളെല്ലാം കൂടി 2240 ബില്യണ്‍ ഡോളറാണ് പ്രതിരോധ മേഖലയില്‍ ചെലവിട്ടത്. 2021നേക്കാള്‍ 3.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.