മധ്യേഷ്യയുമായി സൗഹൃദം ശക്തമാക്കി ഖത്തർ
text_fieldsദോഹ: നാലു ദിനംകൊണ്ട് നാലു രാജ്യങ്ങൾ സന്ദർശിച്ച്, വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മധ്യേഷ്യൻ പര്യടനം പൂർത്തിയായി. ഉസ്ബകിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ എന്നീ നാലു രാജ്യങ്ങളിലേക്കായിരുന്നു അമീറിന്റെ നേതൃത്വത്തിൽ ഉന്നതസംഘം പര്യടനം നടത്തിയത്.
വ്യാഴാഴ്ച രാവിലെ കസാഖ്സ്താനിലെ അസ്താനയിൽ നടന്ന അന്താരാഷ്ട്ര ഫോറത്തിലും അമീർ പങ്കെടുത്തു. തുടർന്നായിരുന്നു നാലാമത്തെ രാജ്യമായ തജികിസ്താനിലെത്തിയത്. നിരവധി അന്താരാഷ്ട്ര സൗഹൃദ-സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും തജികിസ്താൻ പ്രസിഡന്റ് ഇമോമലി റഹ്മോനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മധ്യേഷ്യൻ രാജ്യങ്ങളും ഖത്തറും തമ്മിലെ ഉഭയകക്ഷി സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതായിരുന്നു മന്ത്രിമാർ ഉൾപ്പെടെ ഉന്നത സംഘത്തിനൊപ്പമുള്ള അമീറിന്റെ പര്യടനം.
വിവിധ അന്താരാഷ്ട്ര, സഹകരണ വിഷയങ്ങൾ ചർച്ചചെയ്യുന്ന അസ്താന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അമീർ പങ്കെടുത്തത്. ഫോറത്തിന് മുമ്പായി അസ്താനയിലെ അകോര്ഡ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്റ് കാസിം ജോമർത് തകയേവുമായി കൂടിക്കാഴ്ചയും നടത്തി.
മേഖലയിലെയും രാജ്യാന്തര തലത്തിലെയും പൊതുതാല്പര്യമുള്ള പ്രധാന വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഖത്തറിലേക്കുള്ള കയറ്റുമതി 60 ഇനം ഉല്പന്നങ്ങളാക്കി വര്‍ധിപ്പിക്കാനുള്ള കസാഖ്സ്താന്റെ താല്പര്യം കൂടിക്കാഴ്ചയില്‍ അമീറിനോട് ചര്‍ച്ച ചെയ്തതായി അസ്താന ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണ, വാതകം, ഖനനം, കാര്‍ഷികം, മെഡിസിന്, ഫിനാന്‍സ് എന്നീ മേഖലകളില്‍ ഒന്നിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലെ സാധ്യതകളും ചര്‍ച്ചയായി.
ഖത്തറും കസാഖ്സ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ാം വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും കൂടുതല്‍ ഊഷ്മളമാക്കിയാണ് അമീര്‍ അസ്താനയില്നിന്ന് മടങ്ങിയത്. തുടർന്ന് തജികിസ്താനിലെ ദുഷാൻബെ പാലസിൽ പ്രസിഡന്റ് ഇമൊമലി റഹ്മോനുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച തജികിസ്താനിലെ ഇമാം അബു ഹനീഫ അൽ നുഅ്മാന് ബിൻ താബിത് പള്ളിയുടെ ഉദ്ഘാടനവും അമീറും പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു. 2009ൽ നിർമാണം ആരംഭിച്ച പള്ളിയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
തിങ്കളാഴ്ചയായിരുന്നു മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള അമീറിന്റെ പര്യടനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.