'ഖത്തർ ഹെൽത്ത് 2022'ന് ഇന്ന് തുടക്കം
text_fieldsദോഹ: ഫിഫ ലോകകപ്പിന്റെ ആരോഗ്യ പരിചരണം പ്രമേയമാവുന്ന രണ്ടാമത് ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസിന് ബുധനാഴ്ച തുടക്കമാവും. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദ്നം ഗെബ്രിയേസസ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ മുഖ്യപ്രഭാഷകരാകും. ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് വെർച്വൽ പ്ലാറ്റ്ഫോമിൽ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ലോകകപ്പിനായുള്ള ആരോഗ്യ മേഖലയുടെ തയാറെടുപ്പുകളും മാഹമാരിക്കെതിരായ പോരാട്ടവും പ്രധാന വിഷയമായ കോൺഫറൻസിൽ പ്രാദേശിക, അന്തർദേശീയ ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കെടുക്കും.
ഖത്തർ ഹെൽത്ത് 2022ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരും നിരീക്ഷകരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. മാസ് ഗാദറിങ് മാനേജ്മെൻറ്, ഡിസാസ്റ്റർ മെഡിസിൻ, സാംക്രമികരോഗങ്ങൾ, ട്രോമ സർജറി തുടങ്ങിയ പ്രധാന വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ആൽഥാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിന്റെ പൊതുജനാരോഗ്യ മേഖലയിലേക്ക് വെളിച്ചം വീശുന്നതായിരിക്കും സമ്മേളനം. കോവിഡ് സാഹചര്യത്തിലും ഏറ്റവും മികച്ച ലോകകപ്പിന് സജ്ജരാകുന്നത് സംബന്ധിച്ചും സമ്മേളനം വിശകലനം ചെയ്യും. ആരോഗ്യ സംരക്ഷണവും സാംക്രമിക രോഗങ്ങളും, ആരോഗ്യ ഉയർച്ചയും സാംക്രമിക ഇതര രോഗങ്ങളും, ഭക്ഷ്യ സുരക്ഷയും പാരിസ്ഥിതിക ആരോഗ്യവും തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചർച്ചയാകും. ലോകാരോഗ്യ സംഘടന കോവിഡ് സ്പെഷൽ എൻവോയ് ഡോ. ഡേവിഡ് നബാരോയും സംസാരിക്കും.
വ്യായാമം ശീലമാക്കണം -ആരോഗ്യമന്ത്രാലയം
ദോഹ: രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സന്ദേശവുമായി ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ കായിക ദിനാഘോഷം. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി നേതൃത്വം നൽകി. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ഏതാനും ജീവനക്കാരും പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങൾപാലിച്ചും മന്ത്രാലയം നിർദേശിച്ച ചട്ടങ്ങൾ അനുസരിച്ചും കായിക ദിനത്തിൽ പങ്കാളികളാവാനും ആരോഗ്യകരമായ ജീവിതം ശീലമാക്കാനും ഓർമിപ്പിച്ചു. 'പൗരന്മാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിൽ ഏറെ കരുതലും താൽപര്യവുമുള്ള രാഷ്ട്ര നേതൃത്വമാണ് രാജ്യത്തിന്റേതെന്ന് ഓർമപ്പെടുത്തുന്നതാണ് ദേശീയ കായിക ദിനം. കായികദിനം ഔദ്യോഗിക അവധിയായി സമർപ്പിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഖത്തർ. ജീവിതത്തിൽ സ്പോർട്സിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കായികദിനം. വ്യക്തികളുടെയും സമൂഹത്തിന്റെയും ദൈനംദിന ജീവിതത്തിൽ വ്യായാമം ഒരു ശൈലിയായി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കളിസ്ഥലങ്ങൾ, കാൽനട, സൈക്ലിങ് ട്രാക്കുകൾ, പാർക്കുകൾ തുടങ്ങിയ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും മാർഗങ്ങളും സംസ്ഥാനം ഒരുക്കിയിട്ടുണ്ട്' -ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.