ഖത്തർ ആരോഗ്യ മേഖലയിൽ കുതിപ്പിന്റെ വർഷം
text_fieldsദോഹ: ഖത്തർ ദേശീയ പദ്ധതിയായ വിഷൻ 2030 ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന പദ്ധതികൾക്കനുസൃതമായി, ആരോഗ്യ മേഖലയിലും വൻ കുതിപ്പ് സൃഷ്ടിക്കുകയാണ് ഖത്തർ. ആരോഗ്യ മന്ത്രാലയവും പങ്കാളികളും നടത്തുന്ന തുടർശ്രമങ്ങളുടെ ഫലമായി ഈ വർഷവും രാജ്യത്തിന്റെ ആരോഗ്യ മേഖല വലിയ നേട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്ന് വാർഷിക റിപ്പോർട്ട് വിലയിരുത്തി. 2018-2022 ദേശീയ ആരോഗ്യ പദ്ധതിയുടെ 90 ശതമാനവും ഈ വർഷമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
രോഗപ്രതിരോധം, ആരോഗ്യം, പരിചരണം മെച്ചപ്പെടുത്തൽ, കൂടുതൽ സ്ഥിരവും സംയോജിതവുമായ രീതിയിൽ സേവനങ്ങൾ നൽകുക എന്നിവയിൽ ഊന്നിക്കൊണ്ടുള്ള 54 പദ്ധതികളും 16 ദേശീയ ലക്ഷ്യങ്ങളുമായിരുന്നു 2018-2022 പഞ്ചവത്സര ദേശീയ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.
ലോകകപ്പ് കാലയളവിൽ ആരാധകർക്ക് ദൈനംദിന സേവനങ്ങളിൽ ഒരു തടസ്സവുമില്ലാതെ സുഗമമായി ഈ സേവനങ്ങൾ ലഭ്യമാക്കിയതും ആരോഗ്യ മേഖലയുടെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. സ്ഥിരം ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ സേവനങ്ങൾക്കുപുറമെ, സ്റ്റേഡിയങ്ങൾ, ഫാൻ ഏരിയകൾ, താമസ സൗകര്യങ്ങൾ എന്നിവിടങ്ങളിലെ നൂറിലധികം ക്ലിനിക്കുകൾ, 110 ആംബുലൻസുകൾ, 212 മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ എന്നിവയിലൂടെ ആരാധകർക്ക് ആരോഗ്യ സേവനം ഉറപ്പുനൽകാനായി. ലോകകപ്പ് സൈറ്റുകളിൽ സേവനങ്ങൾ നൽകുന്നതിനായി ഏകദേശം 2275 ജീവനക്കാരാണ് ജോലിയിലുണ്ടായിരുന്നത്. ഹമദ് മെഡിക്കൽ കോർപറേഷനുകീഴിലെ നാല് ആശുപത്രികൾ അടിയന്തരമല്ലാത്ത കേസുകളിൽ രോഗികൾക്ക് പ്രവേശനം നൽകി.
ടൂർണമെൻറിൽ ആരാധകർക്കായി സമർപ്പിച്ച ക്ലിനിക്കുകളിൽ ശരാശരി 1000 രോഗികൾക്കാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തര ശ്രമഫലമായി മറ്റ് മേഖലകളിൽ നിരവധി പുതിയ സൗകര്യങ്ങളും സേവനങ്ങളും അവതരിപ്പിക്കുകയും ആരോഗ്യ മേഖലക്ക് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കുകയും ചെയ്തു.
പൊതുമേഖലയിലെ ആശുപത്രികളുടെ എണ്ണം 16ആയി വർധിച്ചത് ഈ വർഷമായിരുന്നു. വലുപ്പത്തിലും ശേഷിയിലും ഹമദ് ജനറൽ ആശുപത്രിക്കുശേഷം എച്ച്.എം.സിയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ ഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി രാജ്യത്തിനായി സമർപ്പിച്ചത് ഈ വർഷത്തെ ആരോഗ്യ മേഖലയിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
ആരോഗ്യ മന്ത്രാലയവുമായുള്ള കരാർ പ്രകാരം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കീഴിൽ പി.എച്ച്.സി.സി അംഗീകൃത കേന്ദ്രങ്ങളുൾപ്പെടെ രാജ്യത്തെ പ്രാഥമികാരോഗ്യ ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം 33 ആയി വർധിച്ചു. സ്വകാര്യ ആരോഗ്യ മേഖലയിലും വലിയ വികസനത്തിനാണ് 2022 സാക്ഷ്യം വഹിച്ചത്. 10 ആശുപത്രികൾ, 19 ഡേ സർജറി കേന്ദ്രങ്ങൾ, ഡെൻറൽ കേന്ദ്രങ്ങളുൾപ്പെടെ 390 ജനറൽ, സ്പെഷലൈസ്ഡ് ഹെൽത്ത് സെൻററുകൾ, കൂടാതെ മെഡിക്കൽ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് റേഡിയോളജി ഉൾപ്പെടെ 31 ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ സ്വകാര്യ ആരോഗ്യ മേഖലക്ക് കീഴിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.