റമദാനിലെ ആരോഗ്യ വിവരങ്ങളുമായി 'ഖത്തർ ഹെൽത്ത്'
text_fieldsദോഹ: വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാനും മുൻകരുതൽ പാലിക്കാനുമുള്ള പ്രത്യേക വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 'ഖത്തർ ഹെൽത്ത്' എന്ന പേരിലാണ്, വിശ്വാസികൾക്ക് ആരോഗ്യ മേഖലയിൽ ജാഗ്രത പാലിക്കാനും അറിവ് സ്വന്തമാക്കാനുമായി പ്രത്യേക ആപ് തയാറായത്. റമദാനിൽ നോമ്പുനോൽക്കുന്ന വിശ്വാസികൾക്ക് പൊതുവേയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, സംശയങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ആപ്ലിക്കേഷൻ.
വെബ്സൈറ്റും ആപ്ലിക്കേഷനും സന്ദർശിക്കുന്നവർക്ക് നോമ്പുകാലത്തെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാവുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഹെൽത്ത് കെയർ കമ്യൂണിക്കേഷൻസ് തലവൻ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതികൾ, ജീവിതരീതി, നോമ്പ് സംബന്ധമായ വിശദാംശങ്ങൾ, മരുന്നുകഴിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ, രോഗികളുടെയും ഗർഭിണികളുടെയും നോമ്പ് തുടങ്ങി എല്ലാ കാര്യങ്ങളിലും വിദഗ്ധരുടെ ഉപദേശങ്ങളും വിശദീകരണങ്ങളും ലഭ്യമാവുന്ന തരത്തിലാണ് വെബ്സൈറ്റും ആപ്ലിക്കേഷനും തയാറാക്കിയത്. www.hamad.qa/ramadanhealth എന്ന വിലാസത്തിലാണ് വെബ്സൈറ്റ്. 'ഖത്തർ ഹെൽത്ത്' ആപ്ലിക്കേഷൻ ആപ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള അവസരമാണ് വിശുദ്ധ റമദാനെന്ന് അൽ ഖാതിർ പറഞ്ഞു. അതേസമയം തന്നെ ആരോഗ്യകരമായ ചില പ്രയാസങ്ങളുമുണ്ടാവും. അത്തരം സന്ദർഭങ്ങളിൽ ആവശ്യമായ ഉപദേശങ്ങളും മറ്റും സ്വീകരിക്കാൻ ഖത്തർ ഹെൽത്ത് വെബ്സൈറ്റ് ഉപകാരപ്പെടും. ലളിതവും ആകർഷകവുമായ രീതിയിൽ നോമ്പിന് പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളിലും വിശ്വസനീയമായ ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് വെബ്സൈറ്റും ആപ്പും ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.