വനിത കരുത്തിൽ ഖത്തർ
text_fieldsദോഹ: സ്ത്രീശക്തിയും സ്ത്രീശാക്തീകരണവും തുല്യപങ്കാളിത്തവുമൊക്കെ ചുവരെഴുത്തിലോ പറച്ചിലിലോ മാത്രം ഒതുങ്ങുന്നതല്ല, ഖത്തറിൽ. സ്വദേശികളായാലും വിദേശികളായാലും വനിതകൾക്ക് ഏതു നട്ടപ്പാതിര നേരത്തും പുറത്തിറങ്ങാം, സുരക്ഷിതമാണ് ഈ നാട് എല്ലാവർക്കും. ഭരണത്തിലായാലും തൊഴിലിടങ്ങളിലായാലും കായിക സാംസ്കാരിക കലാമേഖലകളിലായാലും സുപ്രധാന പദവികളിൽ വനിതകളാണ് ഖത്തറിൽ നല്ലൊരുപങ്കും. തൊഴില്‍സ്ഥലങ്ങളില്‍ 25 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ 37ശതമാനത്തിലധികവും വനിതകളാണ്. 30 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 49 ശതമാനത്തിലധികവും വനിതകളാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തന മേഖലകളിലാണ് രാജ്യത്ത് വനിതകള്‍ കൂടുതലായി ജോലിചെയ്യുന്നത്. നയരൂപവത്കരണ തസ്തികകളില്‍ മാത്രം വനിതകളുടെ പങ്കാളിത്തം 30 ശതമാനമാണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. ഖത്തരി ദേശീയ ദര്‍ശന രേഖ 2030, ജനസംഖ്യ നയം 2017-2022 എന്നിവ ഉന്നത തസ്തികകളിലെ വനിതകളുടെ എണ്ണം ഉയര്‍ത്തുന്നതിനും വനിതകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
ശൂറാ കൗൺസിൽ, നീതിന്യായമേഖല, വ്യവസായം, കായികം
രാജ്യത്തിെൻറ സമസ്തമേഖലകളിലും പ്രധാനതസ്തികകളിൽ വനിതകൾ ഉണ്ട്. 2017 നവംബറില്‍ ഉപദേശക കൗണ്‍സിലില്‍ ആദ്യമായി വനിതകള്‍ അംഗങ്ങളായി. നാലു വനിതകളെയാണ് ശൂറയിലേക്ക് അന്ന് അമീര്‍ നിയോഗിച്ചത്. വനിത നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും അനുമതി നല്‍കിയതുൾപ്പെടെ സുപ്രധാന പുരോഗതിയാണ് ഖത്തര്‍ കൈവരിച്ചത്. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുകയും വോട്ടെടുപ്പില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്.
വ്യവസായ മേഖലകളിലും ഖത്തരി വനിതകള്‍ വലിയ പങ്കുവഹിക്കുന്നു. പ്രാദേശിക വിപണിയില്‍ ഖത്തരി വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ നിക്ഷേപം 20 മുതല്‍ 25 ബില്യണ്‍ റിയാലാണ്. ഗാര്‍ഹിക വ്യവസായമേഖലകളിലും അനിതരസാധാരണമായ നേട്ടം കൈവരിക്കാന്‍ ഖത്തറിനായി. നീതിന്യായമേഖലയിലും ഖത്തരി വനിതകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. 2003ല്‍ ആദ്യ വനിത പ്രോസിക്യൂട്ടറായി മറിയം അബ്ദുല്ല അല്ജാബിറിനെ നിയമിച്ചിരുന്നു.
മേഖലയില്‍തന്നെ ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. കായികമേഖലകളിലും വനിതകള്‍ വലിയ മികവാണ് പുലര്‍ത്തുന്നത്. 2000ല്‍ ഖത്തരി വനിതകള്‍ക്കായി പ്രത്യേക കായിക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഖത്തരി വനിതകള്‍ മത്സരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.