വായിച്ചുവായിച്ച് ഖത്തർ ഗിന്നസ് ലോക റെക്കോഡിൽ
text_fieldsദോഹ: വരികൾ മുറിയാതെ, വാക്കുകൾ ചോരാതെ ഒന്നിനുപിന്നാലെ ഒന്നായി പലഭാഷകളിൽ വായിച്ചു തീർത്ത് ഖത്തർ ഗിന്നസ് ലോക റെക്കോഡിൽ ഒരിക്കൽ കൂടി പേരെഴുതിച്ചേർത്തു. മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്സിൽ ബുധനാഴ്ച രാത്രിയിൽ നടന്ന റീഡിങ് റിലേയിലൂടെ ഒരു പുസ്തകം ഏറ്റവും കൂടുതൽ ഭാഷയിൽ വായിച്ചുതീർത്തതിന്റെ റെക്കോഡ് ഖത്തറിനു സ്വന്തമായി.
ലോകകപ്പിനെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് അപൂർവമായൊരു പരിശ്രമം നടന്നത്. ഫ്രഞ്ച് എഴുത്തുകാരൻ ആന്റണി ഡി സെന്റ് എക്സ്പറിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ 'ദ ലിറ്റിൽ പ്രിൻസ്' 56 ഭാഷകളിൽ വായിച്ചുതീർത്താണ് പുതിയ ഗിന്നസ് റെക്കോഡ് കുറിച്ചത്. ഗിന്നസ് ശ്രമം ആരംഭിക്കുന്നതിന് മുന്നോടിയായി ആന്റണി ഡി സെന്റ് എക്സ്പറി യൂത്ത് ഫൗണ്ടേഷൻ സെക്രട്ടറി ജനറലും നോവലിസ്റ്റിന്റെ ബന്ധുവുമായ ഒലിവർ ഡി അഗി ഹ്രസ്വ വിഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു.
55 വായനക്കാർക്ക് പുറമെ ഓരോ ഭാഷയിലും രണ്ടു ജഡ്ജിമാർ വീതം ഉൾക്കൊള്ളുന്നതായിരുന്നു ശ്രമം. ആകെ 150 പേരുടെ പരിശ്രമത്തിലൂടെ 55 ഭാഷകളിലുമായി 'ദ ലിറ്റിൽ പ്രിൻസ്' വായിച്ചുതീർത്തു. ലോക റെക്കോഡ് പരിശ്രമം വിലയിരുത്താനും സർട്ടിഫിക്കറ്റ് നൽകാനുമായി ഗിന്നസ് ബുക്ക് പ്രതിനിധികളും ഇസ്‍ലാമിക് ആർട്ട് മ്യൂസിയത്തിലെ വേദിയിലെത്തിയിരുന്നു.
ഫ്രഞ്ച് അംബാസഡർ ജീൻ ബാപ്റ്റി ഫെയ്‍വർ, മിയ ഡയറക്ടർ ഡോ. ജൂലിയ ഗൊണേല, മിയ ഡെപ്യൂട്ടി ഡയറക്ടർ സലിം അബ്ദുല്ല അൽ അസ്‍വദ്, ഗിന്നസ് വേൾഡ് റെക്കോഡ് ജൂറി പ്രവീൺ പട്ടേൽ എന്നിവർ പ്രധാന അതിഥികളായി പങ്കെടുത്തു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള റീഡിങ് റിലേക്ക് തുടക്കമിട്ടത്. വായനക്കാർ തങ്ങളുടെ രാജ്യത്തെ പരമ്പരാഗത വേഷമണിഞ്ഞായിരുന്നു പോഡിയത്തിലെത്തിയത്.
ഓരോ വായനയെയും വിലയിരുത്തി അംഗീകാരം നൽകാൻ രണ്ടു ജഡ്ജിമാരുമുണ്ടായിരുന്നു. 40ാമതായാണ് മലയാളമെത്തിയത്. അഫ്നാസ് വായനക്കാരനായപ്പോൾ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുസ്സലാമും മിയ സ്റ്റാഫ് സാബു ബദറുദ്ദീനും വിധികർത്താക്കളായി. ഫ്രഞ്ചിൽ തുടങ്ങി അറബിക്, സ്പാനിഷ്, ഐറിഷ്, ഇംഗ്ലീഷ്, ഡച്ച്, റുമേനിയൻ, പോർചുഗീസ്, ജർമൻ എന്നീ ഭാഷകളിയാണ് വായന പുരോഗമിച്ചത്. തമിഴ്, ഉർദു, കന്നട, മറാഠി, ബംഗാളി, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളുമുണ്ടായിരുന്നു. 56ാമത്തേതായി അറബിക് ആംഗ്യഭാഷയിൽ വായന പൂർത്തിയാക്കിയാണ് ഗിന്നസിൽ ഇടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.