വീണ്ടും വോട്ടെടുപ്പ്; ഇത്തവണ മൂന്നു ഘട്ടങ്ങളിൽ
text_fieldsദോഹ: സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് രണ്ടുവട്ടം മാറ്റിവെച്ച ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് നാല് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ഡിജി ആപ് വഴി വോട്ടെടുപ്പ്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സൻ ആഞ്ജലീന പ്രേമലത വിജ്ഞാപനം പുറത്തിറക്കി.
എംബസി അനുബന്ധ സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നീ അപെക്സ് സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞ രണ്ടു തവണ മുടങ്ങിയത്.
പുതിയ വിജ്ഞാപനപ്രകാരം ഐ.സി.സിയിലേക്ക് മാർച്ച് മൂന്നിന് രാവിലെ എട്ട് മുതൽ ഉച്ച രണ്ടുരെ വോട്ടെടുപ്പ് നടക്കും. ഇന്ത്യൻ സ്പോർട്സ് സെന്റർ വോട്ടെടുപ്പ് ഉച്ച മൂന്ന് മുതൽ രാത്രി ഒമ്പതു വരെയാണ്. ഐ.സി.ബി.എഫിലെ വോട്ടെടുപ്പ് മാർച്ച് നാലിന് ഉച്ച മൂന്ന് മുതൽ രാത്രി ഒമ്പത;വരെയും നടക്കും.
വോട്ടിങ് പ്ലാറ്റ്ഫോമായ ഡിജി ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്നത്.
വോട്ടെടുപ്പ് ഫെബ്രുവരി 17ന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇത് 24ലേക്ക് മാറ്റി. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചിത സമയത്ത് വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ വീണ്ടും ആപ് ചതിച്ചു. വോട്ടിങ് തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒ.ടി.പി സംബന്ധിച്ചും സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ചും പരാതി ഉയർന്നതോടെ നിർത്തിവെച്ചു.
ഇന്ത്യൻ പ്രവാസികളിൽ 5000ത്തോളം പേർ വോട്ടർമാരായുള്ള അപെക്സ് ബോഡി തെരഞ്ഞെടുപ്പ് മുടങ്ങിയതിനു പിന്നാലെ വിവിധ കോണുകളിൽനിന്നുള്ള ആക്ഷേപവും ശക്തമാണ്. സ്ഥാനാർഥികളും പിന്തുണക്കുന്നവരും വിവിധ മാർഗങ്ങളിലൂടെ പ്രചാരണം നയിച്ച് അവസാന മിനിറ്റിൽ വോട്ടെടുപ്പ് മുടങ്ങിയത് വിമർശനത്തിന് വഴിയൊരുക്കി.
വോട്ടെടുപ്പ് തീയതി
- ഐ.സി.സി (മാർച്ച് മൂന്ന്- 8am to 2pm)
- ഐ.എസ്.സി (മാർച്ച് മൂന്ന്- 3pm to 9pm)
- ഐ.സി.ബി.എഫ് (മാർച്ച് നാല്- 3pm to 9pm)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.