കുഞ്ഞനുജത്തിക്ക് സ്നേഹ റിയാലുകളുമായി സ്കൂൾ കാമ്പസുകൾ
text_fieldsദോഹ: കുഞ്ഞനുജത്തിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ ഓരോ റിയാലും ശേഖരിച്ചുകൊണ്ട് കൈകോർക്കുകയാണ് ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ. എസ്.എം.എ ടൈപ്പ് വൺ അസുഖ ബാധിതയായ അഞ്ചുമാസക്കാരി മൽഖ റൂഹിയുടെ ചികിത്സക്കായി ഖത്തറിലെ മലയാളികളും സ്വദേശികളും ഉൾപ്പെടെ സമൂഹം ഒന്നിച്ചിറങ്ങിയപ്പോൾ, തങ്ങളിലൊരാളായി അവളെയും ചേർത്തു പിടിക്കുകയാണവർ. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് സമാഹരണത്തിൽ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, നോബ്ൾ പബ്ലിക് സ്കൂൾ, ബിർള സ്കൂൾ എന്നിവർ പങ്കുചേർന്നത്. വരും ദിനങ്ങളിൽ മറ്റു ഇന്ത്യൻ സ്കൂളുകളും ഔദ്യോഗിക അംഗീകാരത്തോടെ പങ്കുചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വിവിധ മാർഗങ്ങളിലൂടെയാണ് സ്കൂളുകളിലെ ഫണ്ട് ശേഖരണം പുരോഗമിക്കുന്നത്. മൽഖ റൂഹിയുടെ രോഗവിവരങ്ങളും ചികിത്സക്കാവശ്യമായ മരുന്നിന്റെ തുകയുമെല്ലാം ഉൾപ്പെടുത്തിയ സർക്കുലർ രക്ഷിതാക്കൾക്ക് എത്തിച്ചാണ് ധനശേഖരണത്തിൽ പങ്കുചേരാൻ സ്കൂളുകൾ അഭ്യർഥിക്കുന്നത്. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ മേയ് ആറിനു തന്നെ വിദ്യാർഥികൾക്കിടയിലെ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു. ഖത്തർ ചാരിറ്റി നൽകിയ ഡൊണേഷൻ ബോക്സ് സ്കൂളുകളിലെ വിവിധ സെക്ഷനുകളിൽ സ്ഥാപിച്ചാണ് സംഭാവന ശേഖരിക്കുന്നത്. ഇതുവഴി സമാഹരിക്കുന്ന തുക, ഖത്തർ ചാരിറ്റിക്ക് കൈമാറും. 8000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ.
ബിർള പബ്ലിക് സ്കൂളും ഖത്തർ ചാരിറ്റി ഡൊണേഷൻ ബോക്സ് വഴിയാണ് ധനശേഖരണം നടത്തുന്നത്. ഓരോ വിദ്യാർഥികളുടെയും ഏറ്റവും ചെറിയ സംഭാവനപോലും മൽഖ ചികിത്സയിൽ നിർണായകമായി മാറുമെന്ന് രക്ഷിതാക്കൾക്കുള്ള അറിയിപ്പിൽ ബിർള സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായർ വിശദീകരിച്ചു. മേയ് 13 മുതൽ 22 വരെ സ്കൂളിൽ സ്ഥാപിച്ച ഖത്തർ ചാരിറ്റി ബോക്സുകളിൽ സംഭാവന നിക്ഷേപിക്കാവുന്നതാണ്. വിദ്യാർഥികൾ വഴി രക്ഷിതാക്കൾക്ക് ധനശേഖരണം സംബന്ധിച്ച അറിയിപ്പ് നൽകി, സമ്മതപത്രവും സംഭാവന നൽകുന്ന തുക രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയാണ് നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ മൽഖ റൂഹി ചികിത്സ സഹായം ശേഖരിക്കുന്നത്. മേയ് 15ന് മുമ്പായി രക്ഷിതാക്കൾ തങ്ങളുടെ വിഹിതം അറിയിക്കണമെന്ന് പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് അറിയിച്ചു.
മരുന്നെത്തിക്കാൻ ഇനിയും വേണം ലക്ഷങ്ങൾ
1.16 കോടി റിയാലാണ് മൽഖ റൂഹിയുടെ ചികിത്സക്ക് ആവശ്യമായ മരുന്നിന്റെ തുക. എന്നാൽ, ഖത്തർ ചാരിറ്റി ഫണ്ട് ഡ്രൈവ് പ്രകാരം ആവശ്യമായതിന്റെ 21 ശതമാനം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 24 ലക്ഷത്തോളം റിയാൽ സമാഹരിച്ചു. ഇനിയും 92 ലക്ഷം റിയാൽ മരുന്നെത്തിക്കാൻ ആവശ്യമാണ്. വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാവരും ഈ ദൗത്യത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.