പശ്ചിമേഷ്യ: വെടിനിർത്തലിന് അന്താരാഷ്ട്ര ഇടപെടലുമായി ഖത്തർ
text_fieldsദോഹ: മരണ തീരമായി മാറിയ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്രസമൂഹവുമായി ചേർന്ന് നടപടികൾ സജീവമാക്കി ഖത്തർ. അധിനിവിഷ്ട ഫലസ്തീൻ മേഖലകളിലെ രക്തരൂഷിത ആക്രമണങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ ഉൾപ്പെടെ നടപടികൾക്കായി ലോകരാജ്യങ്ങളുമായി ചേർന്നുള്ള ശ്രമങ്ങൾ സജീവമാകുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഫലസ്തീൻ മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, സംഘർഷ മേഖലയിൽ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം ആരംഭിച്ചതിന്റെ ആദ്യ ദിനം മുതൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും, ആക്രമണങ്ങൾ തടയുന്നതിനുമായി ഖത്തർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കുക, രക്തച്ചൊരിച്ചിൽ നിർത്തുക, തടവുകാരെ മോചിപ്പിക്കുക, സംഘർഷം നീളാതെയും വ്യാപിപ്പിക്കാതെയും അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വിവിധ രാഷ്ട്ര നേതാക്കളുമായുള്ള ആശയവിനിമയത്തിൽ ഖത്തർ ഊന്നിപ്പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സംഘർഷം വ്യാപിപ്പിക്കുന്നത് മേഖലക്ക് തന്നെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഡോ. മാജിദ് മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്ത് സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കണമെന്നും ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കാലങ്ങളായി തുടരുന്ന ഫലസ്തീൻ പ്രശ്നം അവസാനിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്ന ഖത്തറിന്റെ നിലപാടും അദ്ദേഹം ആവർത്തിച്ചു. 1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ പ്രഖ്യാപിക്കാതെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ശനിയാഴ്ച പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ഈജിപ്ത്, തുർക്കിയ, ഇറാൻ, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
എന്തുവിലകൊടുത്തും മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഒന്നിച്ച് പരിശ്രമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസും, ഇസ്രായേലിന്റെ അധിനിവേശ സേനയും തമ്മിൽ നേരത്തെ സംഘർഷമുണ്ടായപ്പോഴൊക്കെ ഖത്തർ മധ്യസ്ഥതയുടെയും അനുരഞ്ജനത്തിന്റെയും റോൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സ്ഥിതിഗതി ഭിന്നമാണെന്ന് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.