സഞ്ചാരികളുടെ പ്രിയ മണ്ണായി ഖത്തർ
text_fieldsദോഹ: ചൂടുകാലം മാറി തണുപ്പിനെ വരവേൽക്കാനൊരുങ്ങുന്ന അറബ് മേഖലയിൽ പുതിയ വിനോദ സഞ്ചാര സീസണിനും തുടക്കമാകുന്നു. ചുട്ടുപൊള്ളിയ വേനൽക്കാലത്തിൽനിന്ന് രാത്രിയിലും പകലിലും സ്വസ്ഥമായ അന്തരീക്ഷത്തിലേക്ക് നാട് മാറുന്നതിനൊപ്പം സഞ്ചാരികളുടെ വരവിലും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ജി.സി.സി രാജ്യങ്ങളിലെല്ലാം ഈ വർഷം സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്ന് ട്രാവൽ ആൻഡ് ടൂർ വേൾഡ് ഉൾപ്പെടെ അന്താരാഷ്ട്ര ടൂറിസം ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. ഖത്തറിൽ മുൻ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഈ വർഷം ആദ്യ എട്ടു മാസത്തിനിടെ ഖത്തറിലെത്തിയ സഞ്ചാരികളുടെ എണ്ണം 33 ലക്ഷം രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 26 ശതമാനത്തോളം വർധനയാണിത്.
കഴിഞ്ഞ വർഷം 40 ലക്ഷമായിരുന്നു ഖത്തറിലെ വിദേശ വിനോദ സഞ്ചാരികളെങ്കിൽ ഇത്തവണ അത് 45 ലക്ഷമായി ഉയരുമെന്നാണ് ഖത്തർ ടൂറിസം ഉൾപ്പടെയുള്ളവരുടെ കണക്കുകൂട്ടൽ. 2025ൽ അത് 49 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ വർഷം ആഗസ്റ്റിൽ ഖത്തറിലെ സന്ദർശകരുടെ എണ്ണം 3.28 ലക്ഷമായിരുന്നു. മുൻവർഷം ഇത് 2.64 ലക്ഷവുമായിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഉണ്ടായ വർധന ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് അയൽ രാജ്യമായ സൗദിയിൽ നിന്നാണ്, 9.43 ലക്ഷം പേർ. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത് 2.62 ലക്ഷം പേർ.
മൂന്നാം സ്ഥാനത്ത് ബഹ്റൈനും (1.50 ലക്ഷം). ബ്രിട്ടൻ, അമേരിക്ക, കുവൈത്ത്, ഒമാൻ, ജർമനി, യു.എ.ഇ, ചൈന എന്നിവിടങ്ങളിൽ നിന്നും വർധിച്ച തോതിൽ സഞ്ചാരികളെത്തുന്നുണ്ട്. ആഗസ്റ്റിൽ രാജ്യത്തേക്കുള്ള സന്ദർശകരിൽ 2.11 ലക്ഷം വ്യോമ മാർഗമാണെത്തിയതെങ്കിൽ 1.16 ലക്ഷം പേർ അബൂ സംറ അതിർത്തി കടന്നാണ് വന്നത്.
ശൈത്യകാലം ആരംഭിക്കുന്നതോടെ വിവിധ വിനോദ, വിജ്ഞാന, കായിക പരിപാടികൾക്കും ഖത്തറിൽ തുടക്കമാകും. ഫോർമുല വൺ ചാമ്പ്യൻഷിപ്, മോട്ടോർ റേസിങ്, ഫുഡ് ഫെസ്റ്റിവൽ എന്നിവക്കു പുറമെ, ഡിസംബറിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാവുകയാണ്.
അന്താരാഷ്ട്ര യാത്രികരുടെ ട്രാൻസിറ്റ് ഹബ് എന്ന നിലയിൽ ഹമദ് വിമാനത്താവളത്തിനും ഇത് നേട്ടങ്ങളുടെ കാലമാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 4.87 കോടി യാത്രക്കാർ ഹമദ് വിമാനത്താവളം വഴി കടന്നുപോയെന്നാണ് റെക്കോഡുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 27.5 ശതമാനം വർധനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.