‘ഒളിമ്പിക്സ് വേദിയാവാൻ ഖത്തർ ബെസ്റ്റ്’
text_fieldsദോഹ: 2036ലെ വിശ്വകായിക മേളയുടെ ആതിഥ്യത്തിന് ഒരുങ്ങുന്ന ഖത്തറിന് പൂർണ പിന്തുണയുമായി അന്താരാഷ്ട്ര തൈക്വാൻഡോ പ്രസിഡന്റ് ഡോ. ചുങ് വോൻ ചൗ.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ എന്തുകൊണ്ടും പ്രാപ്തരാണെന്നും 2006ലെ ഏഷ്യൻ ഗെയിംസ് മുതൽ 2022ലെ ലോകകപ്പ് വരെയുള്ള സുപ്രധാന ചാമ്പ്യൻഷിപ്പുകളുടെ വിജയകരമായ സംഘാടനത്തിലൂടെ ഖത്തർ അത് തെളിയിച്ചതാണെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ചുങ് വോൻ ചൗ പറഞ്ഞു.
‘2006ൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ആദ്യമായി ഖത്തറിലെത്തിയത്. അന്നത്തെ ഖത്തറിന്റെ മികച്ച സംഘാടനം ഏറെ ആകർഷിച്ചിരുന്നു.
ഖത്തർ ആതിഥ്യമരുളിയ എല്ലാ ഗെയിംസുകളും വളരെ വിജയകരമായിരുന്നു. 2022 ഫിഫ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും അസാധാരണവുമായ ടൂർണമെന്റായി മാറി. ഈ സംഘാടനം അന്താരാഷ്ട്ര തലത്തിലും ഏറെ പ്രശംസകൾ ഖത്തറിന് സമ്മാനിച്ചു’ -ലോക തൈക്വാൻഡോ പ്രസിഡന്റും ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും കൂടിയായ ഡോ. ചുങ് വോൻ ചൗ പറഞ്ഞു.
ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളും ഗെയിംസുകളും സംഘടിപ്പിക്കാൻ പ്രാപ്തിയുള്ള ഖത്തറിന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക ചാമ്പ്യൻഷിപ്പുകളിലൊന്നായ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ വേദിയായ ടൂർണമെന്റുകളിലധികവും എല്ലാ തലങ്ങളിലും മികച്ച വിജയം നേടിയതായും ലോക തൈക്വാൻഡോ ചാമ്പ്യൻഷിപ്പിന് അല്ലെങ്കിൽ ഗ്രാൻഡ്പ്രിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറിന് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2036 ഒളിമ്പിക്സ് എവിടെ...?
2036ലെ ഒളിമ്പിക്സ് ആതിഥേയർ ആരെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2028 ഒളിമ്പിക്സിന് ലോസ് ആഞ്ജലസും 2032ന് ആസ്ട്രേലിയയിലെ ബ്രിസ്ബെയ്നും ആതിഥേയരാകുമ്പോൾ സ്വാഭാവിക റൊട്ടേഷൻ പോളിസി പ്രകാരം ഏഷ്യൻ രാജ്യത്തിനാണ് 2036 ഒളിമ്പിക്സ് ആതിഥേയത്വം ലഭിക്കേണ്ടത്. എന്നാൽ, അങ്ങനെയൊരു നിയമം ഇല്ലാത്തതിനാൽ മറ്റു വൻകരകളിലെ രാജ്യങ്ങളും ഒളിമ്പിക് വേദിക്കായി രംഗത്തുണ്ട്. നിലവിൽ ഇന്തോനേഷ്യ, തുർക്കിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്സ് ബിഡ് സമർപ്പിച്ച് രംഗത്തുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഒളിമ്പിക്സിന് വേദിയൊരുക്കാൻ ഖത്തർ, സൗദി രാജ്യങ്ങളും സജീവമായി രംഗത്തുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും 2026നുശേഷം മാത്രമേ ഒളിമ്പിക് വേദി പ്രഖ്യാപിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.