കായികദിനത്തിനൊരുങ്ങി ഖത്തർ
text_fieldsദോഹ: വ്യായാമവും കായികക്ഷമതയുമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ദേശീയ കായികദിനത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. ‘തീരുമാനം നിങ്ങളുടേതാണ്’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 13ന് രാജ്യം ദേശീയ കായികദിനം ആഘോഷിക്കുമെന്ന് ദേശീയ കായികദിന (എൻ.എസ്.ഡി) സമിതി പ്രഖ്യാപിച്ചു.
വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കായികദിനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക യുവജനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവും സമിതി തലവനുമായ അബ്ദുറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പറഞ്ഞു. ദേശീയ കായിക ദിനത്തിന്റെ അംബാസഡർമാരായി വിവിധ കായികമേഖലകളിൽനിന്നുള്ള യുവ താരങ്ങളെ തിരഞ്ഞെടുത്തതായും വാർത്തസമ്മേളനത്തിൽ അൽ ദോസരി കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം കായികദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കായിക പരിപാടികൾ സംഘടിപ്പിക്കും. ശാരീരിക, കായിക വിനോദ പ്രവർത്തനങ്ങളാണ് ഇതിൽ മുഖ്യം. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ എല്ലാവർക്കും പങ്കെടുക്കാനും ആ ദിവസത്തെ കായിക പ്രവർത്തനങ്ങളും പരിപാടികളും ആസ്വദിക്കാനും അനുവദിക്കുമെന്നും അൽ ദോസരി വ്യക്തമാക്കി.
സർക്കാർ, സർക്കാറിതര മേഖലകളിൽനിന്ന് ഈ വർഷം 250 സ്ഥാപനങ്ങൾ ദേശീയ കായികദിനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരെയും കായിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് 2011ലെ 80ാം നമ്പർ അമീരി ഉത്തരവ് അനുസരിച്ച് ഖത്തറിലെ വിവിധ സ്ഥാപനങ്ങളും കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വർഷം ഖത്തർ സ്പോർട്സ് ഫോർ ഓൾ (ക്യു.എസ്.എഫ്.എ) സംഘടിപ്പിക്കുന്ന മത്സരങ്ങളുടെയും പരിപാടികളുടെയും കലണ്ടർ പുറത്തിറക്കുമെന്ന് ഫെഡറേഷൻ ഇവന്റ്സ് ആൻഡ് ആക്ടിവിറ്റീസ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു. 680ലധികം വൈവിധ്യമാർന്ന കമ്യൂണിറ്റി പരിപാടികളും ഉൾപ്പെടുമെന്ന് അൽ ദോസരി അറിയിച്ചു.
2011ൽ അമീരി ഉത്തരവ് പ്രകാരം 2012ലാണ് ഖത്തറിൽ ആദ്യമായി ദേശീയ കായികദിനാഘോഷം സംഘടിപ്പിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.