Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്

text_fields
bookmark_border
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്
cancel

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് കൺട്രി2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017 ൽ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ച് വർഷവും സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തർ. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക 14.8 ആണ്. കഴിഞ്ഞ വർഷം ഇത് 13.8 ആയിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സൂചിക 85.2 ആണ് പുതിയ റാങ്കിങ്ങിൽ. മുൻ വർഷം ഇത് 86.22 ആയിരുന്നു.

142 രാജ്യങ്ങളിൽ സർവേ നടത്തിയപ്പോൾ നാലു ഗൾഫ് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. ഖത്തറിന് തൊട്ടുപിന്നിൽ യു.എ.ഇ രണ്ടാം സ്ഥാനം നേടി. ഒമാൻ അഞ്ചും ബഹ്‌റൈൻ പത്തും സ്ഥാനങ്ങളിലാണ്. തായ്‌വാൻ (മൂന്ന്), ഐൽ ഓഫ് മാൻ (നാല്), ഹോങ്കോങ് (ആറ്), അർമേനിയ (ഏഴ്), ജപ്പാൻ (എട്ട്), സ്വിറ്റ്‌സർലൻഡ് (ഒമ്പത്) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ. സ്ലോവേനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെ സ്ഥാനങ്ങളിലുണ്ട്.

പട്ടികയിൽ ഏറ്റവും പിന്നിലുള്ള വെനസ്വേലയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. ഇവിടെ ഏറ്റവും ഉയർന്ന കുറ്റകൃത്യ സൂചിക 82.6ഉം ഏറ്റവും കുറഞ്ഞ സുരക്ഷാ സൂചിക 17.4ഉം ആണ്. കഴിഞ്ഞ തവണയും വെനിസ്വേലയായിരുന്നു അവസാന സ്ഥാനത്ത്. നംബിയോയുടെ സർവേ അനുസരിച്ച് പാപുവ ന്യൂ ഗിനിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന, സിറിയ, സോമാലിയ, ജമൈക്ക എന്നിവയാണ് വെനിസ്വേലക്കുപിന്നിൽ ഏറ്റവും സുരക്ഷിതമല്ലാത്ത മറ്റു 10 രാജ്യങ്ങൾ.

അതേസമയം, നംബിയോ ക്രൈം ഇൻഡക്‌സ് ബൈ സിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദബിയാണ്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് ഖത്തർ തലസ്ഥാനമായ ദോഹയുണ്ട്. അബൂദബിയിൽ കുറഞ്ഞ കുറ്റകൃത്യ സൂചിക 11.2 ഉം സുരക്ഷാ സൂചിക 88.8 ഉം ആണ്. ദോഹയിൽ ഇത് യഥാ​ക്രമം 14.5 ഉം 85.5 ഉം ആണ്. യു.എ.ഇ നഗരങ്ങളായ അജ്മാൻ, ഷാർജ, ദുബൈ എന്നിവ യഥാക്രമം നാല്, അഞ്ച്, ഏഴ് സ്ഥാനങ്ങൾ നേടി. തായ്‌പേയ് ആണ് മൂന്നാമത്. കനഡയിലെ ക്യൂബെക്ക് സിറ്റിയാണ് ആറാമത്. സാൻ സെബാസ്റ്റ്യൻ (സ്പെയിൻ), ബേൺ (സ്വിറ്റ്സർലൻഡ്), എസ്കിസെഹിർ (തുർക്കി) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങൾ. മസ്‌കറ്റ് (ഒമാൻ) മറ്റ് ഗൾഫ് നഗരങ്ങൾക്കൊപ്പം ആദ്യ 15ൽ ഇടംനേടി. റിയാദ് നംബിയോയുടെ ലിസ്റ്റിൽ 55-ാം സ്ഥാനത്താണുള്ളത്. കാരകാസ് (വെനിസ്വേല), പ്രിട്ടോറിയ, ഡർബൻ (ദക്ഷിണാഫ്രിക്ക) എന്നിവയാണ് ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനക്കാർ.

രാജ്യത്തിനകത്തും അതിർത്തികളിലും സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജൻസികളും നടത്തുന്ന നിരന്തര പ്രയത്നമാണ് ഖത്തറിന് ഒന്നാം സ്ഥാനത്ത് തുടരാൻ വഴിയൊരുക്കുന്നത്. ഫിഫ ലോകകപ്പ് 2022ൽ ഖത്തറിന്റെ റാങ്കിങ് തിളക്കത്തിന് കൂടുതൽ കരുത്തുപകർന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ടൂർണമെന്റായാണ് ഖത്തർ ലോകകപ്പ് വാഴ്ത്തപ്പെട്ടത്. വലിയ കുറ്റകൃത്യങ്ങൾ ഒന്നുപോലും ഒരുമാസം നീണ്ട ലോകകപ്പ് കാലയളവിൽ ഖത്തറിൽ രേഖപ്പെടുത്തിയിരുന്നില്ല. ലോകകപ്പിനെത്തിയ ആരാധകരും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളും കുടുബങ്ങളും ഉൾപെടെയുള്ളവർ ഖത്തറിലെ സുരക്ഷിതത്വത്തെ വാഴ്ത്തുകയായിരുന്നു.

ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ ക്രൗഡ്-സോഴ്സ്ഡ് ഗ്ലോബൽ ഡാറ്റാബേസായ നംബിയോ ലോകത്തെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസും കൂടിയാണ്. കഴിഞ്ഞ വർഷം, ആഗോള സമാധാന സൂചിക ഖത്തറിനെ മിഡിൽ ഈസ്റ്റ്, ഉത്തര ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarsafest country
News Summary - Qatar is once again the safest country in the world
Next Story