വാക്സിനേഷനിൽ നേട്ടം കൊയ്ത് ഖത്തർ
text_fieldsദോഹ: ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്ത ആദ്യ 10 രാജ്യങ്ങളിൽ ഖത്തറും ഇടം നേടി. ഖത്തറിൽ ആകെ ജനസംഖ്യയുടെ 86 ശതമാനം ആളുകളും ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഖത്തറിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിനാണ് പോയ വർഷം സാക്ഷ്യം വഹിച്ചത്. പൗരന്മാർക്കും താമസക്കാർക്കും പൂർണമായും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്തത് എന്നതും കാമ്പയിൻ സവിശേഷതയാണ്. രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണവും ഖത്തർ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിനകം മൂന്ന് ലക്ഷത്തോളം ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
കോവിഡ് മഹാമാരിക്കെതിരായ ആരോഗ്യ മേഖലയുടെ പോരാട്ടത്തിനിടയിലും രാജ്യത്തെ ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ വളർച്ചയും പുരോഗതിയും തുടരുകയും ചെയ്യുന്നുണ്ട്. അത്യാധുനിക ചികിത്സ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും സാങ്കേതികവിദ്യകൾ പ്രയോഗവത്കരിക്കുന്നതിനും ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായുള്ള പുതിയ നിക്ഷേപങ്ങൾ, വർധിച്ചുവരുന്ന ജനസംഖ്യയുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായുള്ള വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ് വെല്ലുവിളികൾ നിലനിൽക്കെതന്നെ, ആരോഗ്യ മേഖലയിൽ മികച്ച സേവനങ്ങൾ നൽകുന്നത് തുടരാനാണ് പുതുവർഷത്തിലും ഖത്തർ തയാറെടുക്കുന്നത്. ആരോഗ്യ മേഖലയുടെ വളർച്ചയിലും വികാസത്തിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അകമഴിഞ്ഞ പിന്തുണയും നിർണായകമായി.
മേഖലയിൽതന്നെ ഏറ്റവും മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. കോവിഡിനെതിരായ പോരാട്ടം ഒരു വശത്ത് തുടരുമ്പോഴും മറുവശത്ത് പൊതുജനങ്ങൾക്കുള്ള മറ്റു ആരോഗ്യ സേവനങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് ആരോഗ്യരംഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളും ലോകത്തിന്റെ വിവിധ മേഖലകളിൽ വലിയ ആരോഗ്യ പ്രതിസന്ധി തീർത്തപ്പോൾ ഖത്തറിൽ ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ചേർന്ന് അതിനെ മറികടന്നിട്ടുണ്ട്. ലോകത്തുതന്നെ കോവിഡ് കാരണം ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നും ഖത്തറാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള തലത്തിൽ ഖത്തർ 15ാം റാങ്കിലാണുള്ളത്. ഡെർ സ്പീഗൽ മാഗസിന്റെ റിപ്പോർട്ടിൽ ഇടം നേടിയ ഏക അറബ് രാജ്യവും ഖത്തറാണ്. മഹാമാരിയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങളും കണ്ടെത്തലുകളും ഖത്തറിൽനിന്നുള്ള ആരോഗ്യ, ശാസ്ത്ര വിദഗ്ധരുടേതായി പ്രമുഖ അന്താരാഷ്ട്ര ജേണലുകളിൽ പുറത്തുവന്ന വർഷംകൂടിയായിരുന്നു 2021.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.