ഖത്തർ ലോകത്തെ കൂട്ടിയിണക്കുന്ന കണ്ണി -പ്രധാനമന്ത്രി
text_fieldsദോഹ: ലോകരാജ്യങ്ങളെയെല്ലാം മുഴുവന്‍ കൂട്ടിയിണക്കി ഒന്നിപ്പിക്കുന്ന കണ്ണിയാവുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) സിംഗപ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിഴക്കിനും പടിഞ്ഞാറിനുമിടയിലെ കവാടമാണ് ഖത്തര്‍. ലോകത്തെ മുഴുവന്‍ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഖത്തറില്‍ നിന്നും ആറ് മണിക്കൂര്‍ കൊണ്ട് ലോകത്തെ 80 ശതമാനം ജനങ്ങളിലേക്കും പറന്നെത്താം.
ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും വിദൂര സ്ഥലങ്ങളില്‍ പോലും 18 ദിവസം കൊണ്ട് ഖത്തറില്‍ ചെന്നെത്താം. അതിനാല്‍ തന്നെ ആഗോള മാര്‍ക്കറ്റുകളിലേക്ക് സമാനതകളില്ലാത്ത പ്രവേശനമാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്’ -ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ജാസിം ആൽഥാനി പറഞ്ഞു. രാജ്യത്തെ ഊര്‍ജമേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപത്തിന് അവസരമുണ്ട്.
ഖത്തറിന്റെ സാമ്പത്തിക നയം വിജയകരമാണ് എന്നതിന്റ തെളിവാണ് ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയത്വം, സാമ്പത്തിക, അടിസ്ഥാന വികസന മേഖലകളിലെ വളര്‍ച്ചക്ക് മാത്രമല്ല, അറബ് മുസ്ലിം സംസ്കാരങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും ലോകകപ്പ് സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
ഐ.ഐ.എസ്.എസ് ഡയറക്ടർ ജനറൽ ജോൺ ചിപ്മാനൊപ്പം ചർച്ചാ സെഷനിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ലോകം വിവിധ മേഖലകളിൽ മാറ്റങ്ങളുടെ പാതയിലാണ്. ഓരോന്നിനും അതിന്റേതായ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക ശക്തികളുള്ള ഒന്നിലധികം സ്വാധീന കേന്ദ്രങ്ങളുടെ ആവിർഭാവത്തിന് ലോകം സാക്ഷ്യംവഹിക്കുന്നു. വൻശക്തികൾ തമ്മിലെ ഏറ്റുമുട്ടലുകൾ ലോകക്രമത്തെ തന്നെ അപകടത്തിലുമാക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.