ബന്ധം ശക്തമാക്കി ഖത്തറും ജപ്പാനും
text_fieldsദോഹ: ഖത്തറും ജപ്പാനും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടായതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ 2019ലെ ജപ്പാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു.
അറബ്-ജപ്പാൻ പൊളിറ്റിക്കൽ ഡയലോഗ് രണ്ടാമത് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂ അൽ ഗൈതിനോടൊപ്പം യോഗത്തിലേക്കുള്ള അറബ് പ്രതിനിധി സംഘത്തിന് നേതൃത്വം വഹിച്ചത് ഖത്തർ ഉപപ്രധാനമന്ത്രിയാണ്. ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിസു മൊതേഗിയുടെ നേതൃത്വത്തിലുള്ള ജപ്പാൻ ഉന്നതതല സംഗമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഒപ്പുവെച്ച കരാറുകളും ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചതായും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഖത്തറിെൻറ സുപ്രധാനമായ വ്യാപാര, വാണിജ്യ പങ്കാളിയാണ് ജപ്പാൻ. ഊർജ മേഖലയിൽ 50 വർഷത്തിലധികമായുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ജപ്പാനിലേക്കുള്ള പ്രകൃതിവാതക വിതരണത്തിൽ ഖത്തറാണ് മുൻനിരയിൽ. അറബ് രാജ്യങ്ങളും ജപ്പാനും തമ്മിലുള്ള ബന്ധത്തിന് ദീർഘകാലത്തെ ചരിത്രമാണുള്ളത്. രാഷ്ട്രീയ-തന്ത്രപ്രധാന മേഖലകളിൽ മാത്രമല്ല ഖത്തറും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും സാമ്പത്തിക മേഖലയിലേക്കുകൂടി ഈ ബന്ധം വിശാലമായിരിക്കുകയാണെന്നും വ്യാപാര-നിക്ഷേപ മേഖലകളിലെ വ്യാപ്തി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.