ഖത്തറും ജപ്പാനും പരസ്പര വിസ ഒഴിവാക്കുന്നു
text_fieldsദോഹ: വിസ ഒഴിവാക്കാനുള്ള ധാരണപത്രത്തിൽ ഒപ്പിട്ട് ജപ്പാനും ഖത്തറും. ഏപ്രിൽ രണ്ടുമുതൽ പ്രാബല്യത്തിൽ വരും.
ധാരണപത്ര കൈമാറ്റത്തിൽ ഖത്തറിനുവേണ്ടി ജപ്പാനിലെ ഖത്തർ അംബാസഡർ ഹസൻ ബിൻ മുഹമ്മദ് റഫിയ അൽ ഇമാദിയും ജപ്പാൻ വിദേശകാര്യ സഹമന്ത്രി നാഗോക്ക കൻസുകെയും ഒപ്പുവെച്ചു. ടോക്യോയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് ഇരുവരും ധാരണാപത്രം കൈമാറിയത്.
30 ദിവസത്തിൽ കുറഞ്ഞ കാലത്തേക്ക് ജപ്പാൻ സന്ദർശിക്കുന്ന ഖത്തരി പൗരന്മാർക്ക് ഏപ്രിൽ രണ്ടുമുതൽ വിസയില്ലാതെ അവിടേക്ക് യാത്ര തിരിക്കാം. ഏതെങ്കിലും ജാപ്പനീസ് എംബസിയിലോ കോൺസുലേറ്റിലോ മുൻകൂർ രജിസ്ട്രേഷൻ നടത്തിയ ശേഷം വിസ ലഭിക്കാതെ ജപ്പാനിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. വിസ ആവശ്യകതകൾ ഒഴിവാക്കുന്നതിനായി ഖത്തർ പൗരന്മാർക്ക് മൂന്നു വർഷം സാധുതയുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും.
2023 ജനുവരി 31ന് ടോക്യോയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ജപ്പാൻ വിദേശകാര്യ മന്ത്രി ഹയാഷി യോഷിമസ എന്നിവരുടെ അധ്യക്ഷതയിൽ നടന്ന ഖത്തർ-ജപ്പാൻ നയതന്ത്ര സംഭാഷണങ്ങളുടെ രണ്ടാം റൗണ്ടിലാണ് ഈ നടപടിക്രമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ധാരണാപത്രങ്ങളുടെ കൈമാറ്റത്തിന് ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.