ഡിജിറ്റൽ അംഗത്വ കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ കെ.എം.സി.സി
text_fieldsദോഹ: നവീന ആശയങ്ങളുമായി ഖത്തർ കെ.എം.സി.സിയുടെ അംഗത്വ കാമ്പയിന് തുടക്കമായി. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പൂർണമായും ഡിജിറ്റലൈസ് ചെയ്താണ് പുതിയ അംഗത്വ കാമ്പയിന് തുടക്കമായതെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 20ന് അംഗത്വ വിതരണം അവസാനിക്കുകയും ഒക്ടോബർ അവസാന വാരത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരികയും ചെയ്യുംവിധമാണ് പ്രചാരണ കാമ്പയിൻ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
2009ലാണ് സുരക്ഷ പദ്ധതിയുമായി ബന്ധിപ്പിച്ച് കെ.എം.സി.സിക്ക് ശാസ്ത്രീയ അടിസ്ഥാനത്തിൽ അംഗത്വ സംവിധാനം ഏർപ്പെടുത്തിയത്. പുതിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയിലാണ് ഇപ്പോൾ അംഗത്വ വിതരണം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നത്. കെ.എം.സി.സി ഐ.ടി വിങ് വികസിപ്പിച്ച ആപ്ലിക്കേഷൻ വഴിയാണ് അംഗത്വ രജിസ്ട്രേഷൻ നടപടികൾ നടത്തുന്നത്. വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ലോയൽറ്റി കാർഡ് സംവിധാനവും അംഗത്വ കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ലിബാന സിസ്വെയുമായി സഹകരിച്ച് ഹെൽത്ത്, മോട്ടോർ വാഹനം ഉൾപ്പെടെ എല്ലാ ഇൻഷുറൻസ് സേവനങ്ങളിലും കെ.എം.സി.സി അംഗങ്ങൾക്ക് നിശ്ചിത ശതമാനം ഇളവുകൾ ലഭിക്കും. ഖത്തറിലെ വിവിധ ക്ലിനിക്കുകൾ, ജ്വല്ലറികൾ, റസ്റ്ററന്റുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ ഏജൻസി തുടങ്ങി ഖത്തറിലെ വിവിധ വാണിജ്യ, ആതുരാലയ സ്ഥാപനങ്ങളിൽ ലോയൽറ്റി കാർഡുള്ള അംഗങ്ങൾക്ക് ഇളവുകൾ ലഭിക്കുമെന്നും തുമാമയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ വിദശീകരിച്ചു.
കേരളത്തിലെ ആസ്റ്റർ മിംസ് ആശുപത്രികളിൽ ചികിത്സക്കായി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇളവുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ഇതുസംബന്ധമായ ധാരണാ പത്രത്തിൽ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും അറിയിച്ചു.
ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി കൂട്ടായ്മയായ കെ.എം.സി.സിയിൽ നിലവിൽ 23,600ലേറെ അംഗങ്ങളാണുള്ളത്. അഞ്ചര പതിറ്റാണ്ടായി പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കെ.എം.സി.സിക്കു കീഴിൽ സാമൂഹിക സുരക്ഷാ പദ്ധതി ഉൾപ്പെടെ നിരവധി ജീവകാരുണ്യ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നാട്ടിലേക്ക് ചാർട്ടർ വിമാനമൊരുക്കിയും രോഗികളായവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കുമായി നിരവധി സേവന പ്രവർത്തനങ്ങളുമായും സജീവമായിരുന്നു.
വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി ഉൾപ്പെടെ ഭാരവാഹികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.